സിപിഎം യോഗങ്ങളില്‍ ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് കര്‍ശന നിര്‍ദേശം, ശബരിമല പരാമര്‍ശിക്കാതെ എങ്ങനെ പ്രസംഗിക്കാം എന്ന് പരിശീലിപ്പിക്കും

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരിക്കുന്ന സിപിഎം യോഗങ്ങളില്‍ ശബരിമലയെക്കുറിച്ച് അക്ഷരം മിണ്ടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ ശബരിമല അനാവശ്യമായി ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിഷയമാക്കും. ശബരിമലയെക്കുറിച്ച് പരാമര്‍ശിക്കാതെ എങ്ങിനെ പ്രസംഗിക്കാം എന്ന് രണ്ടു ദിവസത്തെ പരിശീലനക്കളരിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.

Loading...

പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ നിയമസഭാ മണ്ഡലം തലത്തില്‍ 100 പേരെ വീതം പരിശീലിപ്പിക്കും. കളരിയില്‍ പങ്കെടുക്കുന്നവര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കുറിപ്പുകള്‍ വിതരണം ചെയ്യും. ജില്ലാതലം വരെയുള്ള നേതാക്കള്‍ക്ക് ഇതു സംബന്ധിച്ചു മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശീലനം ലഭിച്ചവര്‍ മാത്രമേ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാവൂ. വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നു കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ശബരിമല വിഷയം സംസാരിക്കേണ്ട നിര്‍ബ്ബന്ധിത സാഹചര്യം ഉണ്ടായാല്‍ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി എന്തായിരുന്നെന്നും അതു നടപ്പാക്കാതിരുന്നെങ്കില്‍ സര്‍ക്കാരിനു നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെന്നും കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കണം. ഓരോ പ്രദേശത്തെയും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്കു മുന്‍ഗണന നല്‍കിയായിരിക്കണം പ്രസംഗിക്കേണ്ടത്.