സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം നേതാവ് വീട് പണിതു

കോട്ടയം. വൈക്കം മറവന്‍തുരുത്ത് സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ മുറ്റത്ത് നിന്നുരുന്ന പ്ലാവ് വെട്ടി വീട് പണിത് സിപിഎം ഏരിയാ കമ്മിറ്റിയംഗം. യുപി സ്‌കൂളിന്റെ വളപ്പില്‍ നിന്നിരുന്ന കുട്ടികള്‍ അമ്മച്ചി പ്ലാവെന്ന് വിളിച്ചിരുന്ന മരമാണ് സിപിഎം നേതാവായ വിടി പ്രതാവന്‍ മുറിച്ചെടുത്തത്. ഇയാള്‍ മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ചട്ടങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ പ്ലാവ് മുറിച്ചത്.

പൊതു സ്ഥലത്തെ മരം മുറിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നു പ്ലാവ് മുറിച്ചത്. അതേസമയം തടി വെട്ടാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ വനം വകുപ്പ് പരിശോധന നടത്തിയില്ല. സ്‌കൂളില്‍ നില്‍ക്കുന്ന മരം മുറിക്കുവാന്‍ വിദ്യാഭ്യാസ ഓഫീസില്‍ പോലും അറിയിച്ചില്ല. മരത്തിന്റെ കൊമ്പുകള്‍ ഉണങ്ങിയെന്ന് സ്‌കൂളില്‍ നിന്ന് പരാതി ലഭിച്ച ഉടനെ മരം മുറിച്ച് കൊണ്ട് പോകുകയാണ് പ്രതാപന്‍ ചെയ്തത്.

Loading...

ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രതാപനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. അതേസമയം മരം മുറി വിവാദത്തില്‍ പ്രതികരിക്കുവാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ലേലം ചെയ്താണ് മരം മുറിച്ചത് എന്നാണ് പ്രതാപന്‍ പറയുന്നത്.ചില കാര്യങ്ങളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും പ്രതാപന്‍ പറയുന്നു.