ജില്ലാ കമ്മിറ്റി ഓഫീസിൽവെച്ച് വനിതാ സഖാക്കളുടേതടക്കമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഒരുമിച്ചിരുന്ന് കണ്ട് സിപിഎം നേതാക്കൾ

ആലപ്പുഴ: വനിതാ സഖാക്കളുടേതടക്കമുള്ള സ്വകാര്യ ദൃശ്യങ്ങൾ, ഏരിയാ കമ്മിറ്റി അംഗത്തിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ നേതാക്കൾ ഒന്നിച്ചിരുന്ന് കണ്ടു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി മുൻ അഗം സോണ പകർത്തിയ വനിതാ സഖാക്കളുടേതടക്കമുള്ള ദൃശ്യങ്ങളാണ് പാർട്ടി നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലെ സ്റ്റുഡിയോ റൂമിൽവെച്ച് കണ്ടത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

ജില്ലാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയായിരുന്നു സംഭവം. സോണ പകർത്തിയ വനിതാ സഖാക്കളുടെ ദൃശ്യങ്ങൾ ശരിക്കും അശ്ലീലമാണോയെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ സംശയം ഉയരുകയായിരുന്നു. പിന്നാലെ നേതാക്കൾ സ്ഥിരീകരണത്തിനായി അന്വേഷണ കമ്മീഷൻ ശേഖരിച്ച വീഡിയോകൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒന്നിച്ചിരുന്ന് കാണുകയായിരുന്നു. എന്നാൽ ഇത് പരിശോധിക്കാൻ വനിതാ നേതാക്കൾ ഉണ്ടായിരുന്നില്ലേയെന്നാണ് ഉയരുന്ന ചോദ്യം.

Loading...

ദൃശ്യങ്ങൾ അശ്ലീലമാണെന്ന് നേതാക്കൾക്ക് ബോധ്യമായതിനെ തുടർന്നാണ് ഏരിയാ കമ്മിറ്റി അംഗമായിരുന്ന സോണയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നേതാക്കളുടെ പരിശോധന രീതിക്കെതിരെ വിമർശനം ഉണ്ടായി. പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം സോണയെ നാട്ടുകാർ പിടികൂടുന്നത്.