ജയരാജ പോരിൽ നേതാക്കളുടെ വായ മൂടിക്കെട്ടി സിപിഎം ; മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിക്കണ്ട

തിരുവനന്തപുരം: ജയരാജ പോരിൽ മാധ്യമങ്ങൾക്ക് മറുപടി നൽകേണ്ടെന്ന് സിപിഎം. വിഷയത്തിലെ അഭിപ്രായങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിലാണ് നേതാക്കൾക്ക് മാദ്ധ്യമവിലക്ക് ഏർപ്പെടുത്തിയത്. പി.ജയരാജന്റെ പരാതി മാദ്ധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ശ്രമിച്ചതും തടിയൂരാനുള്ള ശ്രമമായിരുന്നു.

പി.ജയരാജന്റെ ആരോപണം സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കി. ഇ പി ജയരാജന്റെ അഴിമതി പണമാണ് കണ്ണൂർ ആയുർവേദ റിസോർട്ടിൽ നിക്ഷേപിച്ചത് എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം വീണ്ടും ചർച്ചകളിൽ നിറയുന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കും.

Loading...

അതിനാൽ തന്നെ ജയരാജന്മാരുടെ വീഴുപ്പലക്കൽ പാർട്ടിയിലെ മറ്റ് നേതാക്കളെയും ബാധിച്ചേക്കും എന്ന ആശങ്ക മുഖ്യമന്ത്രി അടക്കമുള്ളവർക്കുണ്ട്. പി.ജയരാജന്റ ആരോപണത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും രംഗത്തെത്തി. കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്ന് പോകുന്നത്. പി ജയരാജനും പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അതേസമയം തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യുന്ന അവസരത്തിൽ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ സ്വാഭാവികമായും ചർച്ച ചെയ്യേണ്ടിവരും.