ഇനി വെറെ എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കണം,ചീഞ്ഞുനാറിയ കോൺഗ്രസിൽ നിൽക്കാൻ താൽപര്യമില്ല;സി.ആർ. മഹേഷ്

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് പാർട്ടി വിട്ടു.ഇനി വെറെ എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കണം,തൽക്കാലം വേറെരു പാർട്ടിയിലേക്കും ഇല്ല.രാഷ്ട്രീയ തൊഴിൽ അവസാനിപ്പിക്കുകയാണ്.കോൺഗ്രസിൽ ചീഞ്ഞ് നാറി നിൽക്കാൻ താൽപര്യമില്ല.രാഷ്ട്രീയത്തിൽ നിന്നു ഒന്നും ഉണ്ടാക്കിയില്ല.ഇനി രാഷ്ട്രീയത്തിൽ തുടരില്ല,ഒന്നും ഉണ്ടാക്കാൻ ആഗ്രഹിച്ചിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നത്.രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇനിയും ഇടപെടുമെന്നും സി.ആർ മഹേഷ് പറഞ്ഞു.പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന. കെഎസ്യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജ്യത്തുമരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയാറാണ്. പക്ഷേ, ഇനിയും ഈ സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്രപരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞിരുന്നു.കൊല്ലത്തെ യുവനേതാക്കളിൽ പ്രമുഖനായിരുന്നു മഹേഷ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുതരംഗം ഉണ്ടായപ്പോഴും കരുനാഗപ്പള്ളിയിൽ നേരിയ വോട്ടുകൾക്കാണ് സി.ആർ. മഹേഷ് തോറ്റത്.സി.ആർ. മഹേഷിനെ സസ്‌പെൻഡ് ചെയ്തതായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അവകാശപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തെ തുടർന്നാണ് നടപടി. രാജി പ്രഖ്യാപിക്കുന്നതിനു മുൻപാണ് സസ്‌പെൻഷനെന്നും ദേശീയ നേതൃത്വം അറിയിച്ചു.