ശ്രീശാന്തിന്റെ വിലക്ക് ചുരുക്കി… 2020 സെപ്തംബര്‍ മുതല്‍ കളിക്കാം

ന്യുഡല്‍ഹി: ക്രിക്കറ്റില്‍ എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. ഏഴു വര്‍ഷമായി വിലക്ക് ചുരുക്കുകയാണ് ചെയ്തത്.

ഇതു പ്രകാരം 2020 സെപ്തംബര്‍ മുതല്‍ ശ്രീശാന്തിന് ക്രിക്കറ്റില്‍ സജീവമാകാം. ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റീസ് ഡി.കെ ജയിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Loading...

ഐ.പി.എല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്നാണ് രാജസ്ഥാന്‍ മറായല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ 2013 ലാണ് ബി.സി.സി.ഐ എല്ലാവിധ മത്സരങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട് ഉത്തരവായത്.

ആജീവനാന്ത വിലക്കും ശിക്ഷാനടപടിയും ചോദ്യം ചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇവ റദ്ദു ചെയ്തിരുന്നു.

എന്നാല്‍ ആജീവനാന്ത വിലക്ക് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയും ആജീവനാന്ത വിലക്കിനെതിരെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നല്‍കേണ്ടതില്ലെന്നും നല്‍കേണ്ട ശിക്ഷ എന്തെന്ന് ബി.സി.സി.ഐ വ്യക്തമാക്കണമെന്നും സുപ്രീം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ.പി.എല്‍ വാതുവയ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി നേരത്തെ ശ്രീശാന്തിനെ വെറുതെ വിട്ടിരുന്നു.

ബി.സി.സിഐയുടെ തീരുമാനം ദൈവാനുഗ്രഹമാണെന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്. ഇന്ത്യന്‍ ടീമില്‍ തിരികെയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുകയാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു.