നിയമനക്കത്ത്’ വ്യാജമെന്ന് ഉറപ്പിക്കാനാവില്ല; കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെട്ട കത്ത് വിവാദത്തിൽ നിയമനക്കത്ത്’ വ്യാജമോ അല്ലയോ എന്ന് കണ്ടെത്താനായില്ല. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറി. എന്നാൽ കത്ത് വ്യാജമാണോ ഒറിജിനലാണോയെന്ന കാര്യം ഉറപ്പിക്കാതെയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഒറിജിനൽ കത്ത് കണ്ടെത്തിയാൽ മാത്രമേ കത്ത് വ്യാജമാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

നിജസ്ഥിതി കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിർദേശം. കത്ത് വ്യാജമാണെന്ന മേയറുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്കാണ് കൈമാറിയത്. യഥാർത്ഥ കത്ത് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തുടർ നടപടികൾ തീരുമാനിക്കേണ്ടത് ഡിജിപിയാണ്. എന്നാൽ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് സൂചന.

Loading...

മേയറുടെ പേരിൽ പുറത്തുവന്ന നിയമനക്കത്തിൽ ഇപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ബിജെപിയുടെ തീരുമാനം. ഈയാഴ്ച തന്നെ കത്തുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.