ആലപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കല്ലുകെട്ടി കടലില്‍ താഴ്ത്തി… പിന്നില്‍ നാലംഗ സംഘം

ആലപ്പുഴ : ആലപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കല്ലുകെട്ടി കടലില്‍ താഴ്ത്തി. പിന്നില്‍ നാലംഗ സംഘമെന്നാണ് സൂചന.

ബാറില്‍ മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനു (കാകന്‍ മനു-27) വാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്.

കഴിഞ്ഞ 19 മുതല്‍ ഇയാളെ കാണാതായതായി പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തു വന്നത്.

19 ന് രാത്രി 10 മണിയോടെ പറവൂരിലെ ബാറില്‍ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനു പുറത്തിറങ്ങിയപ്പോള്‍ ക്രിമിനല്‍ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ചു വീഴ്ത്തുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തിന് ഒടുവില്‍ മനുവിനെ സ്‌കൂട്ടറിന് പിന്നില്‍ ഇരുത്തിക്കൊണ്ട് കടപ്പുറത്തേയ്ക്ക് പോയ സംഘം ഇയാളുടെ കൈകാലുകള്‍ കയറുകൊണ്ട് ബന്ധിച്ച ശേഷം ശരീരത്തില്‍ കല്ലുകെട്ടിത്താഴ്ത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പുന്നപ്ര എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ സിസി ടി.വി പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചത്.
പുന്നപ്ര പറവൂര്‍ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെ ഡിവൈ.എസ്.പി പി.എം.ബേബിയും സംഘവും കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു.

എന്നാല്‍, ബൈക്കിന് പിന്നിലിരുത്തികൊണ്ടുപോകും വഴി മനു വഴിയില്‍ ഇറങ്ങിപോയതായാണ് രണ്ടാമന്റെ മൊഴി. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിലും മര്‍ദ്ദനത്തിന്റെയും സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവം കൊലപാതകമാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

അക്രമിസംഘത്തില്‍പ്പെട്ട ഒരാളുടെ വീടിന് സമീപം കടലില്‍ താഴ്ത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂ. അക്രമിസംഘത്തിലുള്‍പ്പെട്ട ഒരാളുടെ സഹോദരനെ മനു മുമ്പ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.