കായംകുളത്തെ സിപിഎം ശൈലിക്കെതിരെ വിമർശനം

ആലപ്പുഴ. കായംകുളത്തെ സിപിഎം ശൈലിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഏരിയ കമ്മിറ്റിയിൽ. കേരളത്തിൽ ഇതുപോലൊരു ഏരിയ കമ്മിറ്റി കാണില്ലെന്നു പുത്തലത്ത് ദിനേശൻ പറഞ്ഞു. പാർട്ടി ബന്ധമുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തെ ന്യായീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും വിമർശനം നേരിടേണ്ടിവന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വാഗതസംഘം രൂപീകരണവുമായി ബന്ധപ്പെട്ടുചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണു നിശിത വിമർശനം ഉയർന്നത്. കായംകുളത്തേത് എന്തൊരു പാർട്ടിയാണ് എന്ന ചോദ്യം ചോദിച്ചാണ് ദിനേശൻ പ്രസംഗം തുടങ്ങിയത്. പിന്നാലെ പാർട്ടിയുടെ സംഘടനാ രേഖയും തെറ്റുതിരുത്തൽ രേഖയും അവതരിപ്പിച്ചു.

Loading...

ഇതിനിടയിലാണു കേരളത്തിൽ ഇത്തരമൊരു ഏരിയ കമ്മിറ്റി കാണില്ലെന്ന് പുത്തലത്ത് ദിനേശൻ പറഞ്ഞത്. ലഭിക്കുന്ന പരാതികളിൽനിന്നുതന്നെ കായംകുളത്തെ പാർട്ടിയുടെ നിലവാരം വ്യക്തമായി ബോധ്യപ്പെടുകയാണ്. കുറേ ഗ്രഹങ്ങളും ചുറ്റിപ്പറ്റി കുറേ ഉപഗ്രഹങ്ങളുമാണ് കായംകുളത്ത് പാർട്ടിയിൽ ഉള്ളത് ദിനേശൻ കൂട്ടിച്ചേർത്തു.

കൊച്ചുമക്കളെ എസ്എഫ്ഐയിൽ വിടില്ലെന്ന് ഒരു വനിതാ നേതാവ് ഏരിയ കമ്മിറ്റിയിൽ പറഞ്ഞു. മകനെ ഡിവൈഎഫ്ഐയിലേക്കു വിടില്ലെന്ന് മറ്റൊരു ഏരിയ കമ്മിറ്റിയംഗവും പറഞ്ഞു. പാർട്ടി കമ്മിറ്റിയിൽ ഇരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗത്തിന്റെ ശാസന. പാർട്ടി ബന്ധമുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഏരിയ കമ്മിറ്റി അംഗം സംസാരിച്ചു. എന്നാൽ നേർവഴി കാണിക്കാൻ പറ്റിയില്ലെങ്കിൽ വേറെ പണി നോക്കണമെന്നാണ് ഇതിനോടു ദിനേശൻ മറുപടി പറഞ്ഞത്.