നെഹ്രു കുടുംബത്തിന് സി ആർ പി എഫ്‌ സുരക്ഷ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‌ര എന്നിവരുടെ സുരക്ഷ ഏറ്റെടുത്ത് സി.ആര്‍.പി.എഫ്‌. സോണിയ (10 ജന്‍പഥ്‌), രാഹുല്‍ (തുഗ്ലക്‌ ലെയ്‌ന്‍), പ്രിയങ്ക (ലോധി എസ്‌റ്റേറ്റ്‌) എന്നിവരുടെ വസതികളില്‍ ഇസ്രേലി എക്‌സ്‌-95, എ.കെ-47, എം.പി-5 തോക്കുകളേന്തിയ സി.ആര്‍.പി.എഫ്‌. കമാന്‍ഡോകളെ വിന്യസിച്ചു.

ഇവർക്ക് “സെഡ്‌ പ്ലസ്‌” സുരക്ഷ നല്‍കാനാണു കേന്ദ്രനിര്‍ദേശം. സി.ആര്‍.പി.എഫ്‌. സുരക്ഷാസംവിധാനം പൂര്‍ണസജ്‌ജമാകുന്നതുവരെ എസ്‌.പി.ജിയുടെയും തുടര്‍ന്ന്‌ ഡല്‍ഹി പോലീസിന്റെയും സുരക്ഷ നെഹ്‌റു കുടുംബത്തിന് ഉണ്ടാകും.

Loading...

നെഹ്‌റു കുടുംബാംഗങ്ങള്‍ക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി, ഭാര്യ നീത അംബാനി എന്നിവരുള്‍പ്പെടെ 52 പേര്‍ക്കാണ് നിലവിൽ സി.ആര്‍.പി.എഫിന്റെ വി.വി.ഐ.പി. സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നൂ. പകരം സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും വിവരം ഉണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.

രാജീവ്ഗാന്ധിയുടെ മരണത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്റു കുടുംബത്തിനെതിരെ ഭീഷണിയില്ലെന്നാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ എസ്.പി.ജി സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രീയ പ്രതികാരത്തിൽ അന്ധരായിരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമർശിച്ചിരുന്നു.

എന്നൽ തന്നെയും കുടുംബത്തെയും ഇത്രയും നാൾ സംരക്ഷിച്ച സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനു (എസ്പിജി) നന്ദി അറിയിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കഴിഞ്ഞ 28 വർഷം, ഓരോ ദിവസവും പൂർണ ആത്മാർഥതയോടെയാണു സുരക്ഷാ സേനാംഗങ്ങൾ തങ്ങളെ കാത്തതെന്ന് എസ്പിജി മേധാവി അരുൺ കുമാർ സിൻഹയ്ക്കെഴുതിയ കത്തിൽ സോണിയ പറഞ്ഞു. തന്റെയും മക്കളുടെയും എസ്പിജി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് സോണിയ കത്തെഴുതിയത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും എസ്പിജിക്കു നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.