അന്നന്നത്തെ അന്നത്തിനായി വഴിയോരത്ത് ലോട്ടറി വില്‍ക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തു. പെരുമ്പാവൂര്‍ പിപി റോഡില്‍ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയില്‍ റോഡരികിലിരുന്നു വില്‍പന നടത്തുന്ന ലിസി ജോസില്‍ നിന്നാണ് ലോട്ടറി തട്ടിയെടുത്തത്.
കഴിഞ്ഞ 6 മാസത്തിനിടയില്‍ രണ്ടാം തവണയാണ് ലിസിയെ കബളിപ്പിക്കുന്നത്. ബൈക്കിലെത്തിയയാള്‍ ലോട്ടറിയുടെ നമ്ബറുകള്‍ നോക്കട്ടെയെന്നും പറഞ്ഞു 3 ബണ്ടില്‍ ലോട്ടറി വാങ്ങി കടന്നു കളയുകയായിരുവെന്ന് ലിസി പറയുന്നു. 122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്. നഷ്ടപ്പെട്ട ലോട്ടറികള്‍ക്ക് ഏകദേശം 4800 രൂപ വിലവരുമെന്നും, ആരാണ് കബളിപ്പിച്ചതെന്ന് അറിയില്ലെന്നും ലിസി പറയുന്നു. രാവിലെ 8നായിരുന്നു സംഭവം. പുറമ്‌ബോക്കിലാണ് ലിസിയുടെ താമസം. ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ഇവര്‍ കബളിപ്പിക്കപ്പെട്ടത്. ലിസിയുടെ ദുരിതാവസ്ഥ അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തില്‍ ഏജന്‍സീസ് ഉടമ രാജു തുണ്ടത്തില്‍ അടിയന്തര സഹായമായി 4000 രൂപ നല്‍കി. പുതിയ ടിക്കറ്റുകള്‍ വാങ്ങി വില്‍പന തുടരുന്നതിനാണ് പണം നല്‍കിയത്. ഇതിനു പിന്നാലെയാണ് വീണ്ടും ലിസിയില്‍ നിന്ന് ലോട്ടറി തട്ടിയെടുത്തത്.
ഒരാള്‍ വന്ന് ലോട്ടറി ടിക്കറ്റ് വേണമെന്ന് പറഞ്ഞു. കൊടുത്തപ്പോള്‍ വേറെ നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് മുഴുവന്‍ ടിക്കറ്റും തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ലിസി പറഞ്ഞു. ശാരീരികമായി നിരവധി പ്രശ്നങ്ങളുണ്ട്, ഇതിനിടയിലാണ് കച്ചവടത്തിന് വരുന്നത്. ഇരുന്നാണ് ചെയ്യുന്നത്. ഇതിനിടയിലും ചിലര്‍ ഇങ്ങനെ ചെയ്താല്‍ ഞാന്‍ എന്ത് ചെയ്യും? ലിസി ചോദിക്കുന്നു.
‘ഭര്‍ത്താവ് മരിച്ചു, രണ്ട് മക്കളുണ്ട്, മകന്റെ ഭാര്യ ഗുരുതര ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത് കിടക്കുകയാണ്, മകന്റെ കുട്ടികളില്‍ ഒരാള്‍ക്ക് ശാരീരിക വൈകല്യങ്ങളുണ്ട്, അതിന്റെ ചികിത്സയ്ക്ക് ഒത്തിരി പൈസ വേണം, രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞു, ഈ ജൂണില്‍ വീണ്ടും ഒരു ഓപ്പറേഷന്‍ ഉണ്ട്. അതുകൊണ്ടാണ് വയ്യെങ്കിലും ഞാനും കൂടി കഷ്ടപ്പെടുന്നത്. ഇതിനിടയിലാണ് ഇങ്ങനെ, എന്ത് ചെയ്യാനാ, എനിക്ക് കാഴ്ചയില്ലല്ലോ’. ലിസി പറഞ്ഞു.
തട്ടിപ്പ് നടത്തിയവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ലിസിക്ക് കാഴ്ചശക്തിയില്ല എന്നതും, സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ല എന്നതും അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പൊലീസ് ദ ക്യൂവിനോട് പറഞ്ഞു. സംഭവം നടന്നത് ആള്‍സഞ്ചാരം കുറഞ്ഞ സ്ഥലത്തായിരുന്നു, അടുത്തുള്ള പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. എന്നാല്‍ ഇതുവരെ തട്ടിപ്പു നടത്തിയവരെ സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.