കക്കൂസ് കഴുകിക്കും;നിരസിച്ചാല്‍ രഹസ്യഭാഗങ്ങളില്‍ മുളകുപൊടി തേയ്ക്കും; 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ അഭയകേന്ദ്രത്തില്‍ നേരിടുന്നത് ഞെട്ടിക്കുന്ന പീഡനം

ന്യൂഡല്‍ഹി: ചെറിയ കുറ്റങ്ങള്‍ക്ക് പോലും ക്രൂര മര്‍ദ്ദനം, വീട്ടിലെ പാചകവും കക്കൂസ് കഴുകലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യിക്കുന്നത് ആറു മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികളെ കൊണ്ട്. വിസമ്മതിച്ചാല്‍ പിന്നിലും മുന്നിലുമുള്ള സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേയ്ക്കുകയും സ്‌കെയിലിനടിക്കുകയും ചെയ്യും. ദ്വാരകയിലെ പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന അഭയകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനത്തെക്കുറിച്ച് പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് സംഭവത്തിലെ വില്ലന്‍മാര്‍. ഇവര്‍ക്കെതിരേ പോക്‌സോപ്രകാരവും ജൂവനൈല്‍ വകുപ്പ് അനുസരിച്ചുമുള്ള കേസുകള്‍ എടുത്തിട്ടുണ്ട്. പോലീസ് തൊഴിലാളികളുടെ വേഷത്തില്‍ രഹസ്യാമായി അഭയകേന്ദ്രത്തില്‍ തങ്ങി നേരിട്ട് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. 22 കുട്ടികളോളം താമസിക്കുന്ന അഭയകേന്ദ്രം വ്യാഴാഴ്ച രാത്രിയില്‍ വനിതാശിശു ക്ഷേമ വിഭാഗത്തിന്റെ വിദഗ്ദ്ധ കമ്മറ്റിയും സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

Loading...

കുട്ടികളെ കൊണ്ട് സ്റ്റാഫുകള്‍ അവരുടെ വീടുകളിലെ ജോലി നിര്‍ബ്ബന്ധിച്ചു ചെയ്യിച്ചിരുന്നതായും പിഡിപ്പിച്ചിരുന്നതായും കണ്ടെത്തി. വീട്ടുജോലിക്ക് ആളെ വെയ്ക്കാതെ പാചകവും വീട്ടിലെ ശുചീകരണ ജോലികളും തങ്ങളെക്കൊണ്ട് ചെയ്യിച്ചിരുന്നതായി മുതിര്‍ന്ന കുട്ടികള്‍ പറഞ്ഞു. അതുപോലെ തന്നെ വീട്ടിലെ കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരെ നോക്കുന്ന ജോലിയും ചെയ്യിച്ചിരുന്നതായി ഇവര്‍ കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്.

ആറിനും 15 നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ കഴിയുന്ന അഭയകേന്ദ്രത്തില്‍ ആകെ ഒരു പാചകക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ മതിയായ രീതിയിലോ വൃത്തിയും വെടിപ്പോടും കൂടിയോ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. കുട്ടികളെ വേനല്‍-ശൈത്യകാല അവധികളില്‍ പോലും വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. കമ്മീഷന്‍ അഭയകേന്ദ്രത്തിന്റെ വിവരം ഡല്‍ഹി സര്‍ക്കാരിന്റെ വനിതാശിശു വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണം ഉടന്‍ ആരംഭിക്കും.