ഇതെന്തൊരു ക്രൂരത…; പിരിച്ചുവിടപ്പെട്ട ജീവനക്കാരി ശമ്പളം ചോദിച്ചു വാങ്ങി; 6000 രൂപയുടെ ഒരു രൂപാ, 50 പൈസാ നാണയങ്ങള്‍ ചാക്കില്‍ക്കെട്ടി കൊടുത്തുവിട്ടു

തൃശ്ശൂര്‍ : വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തന്‍വീട്ടില്‍ റഹീമിന്റെ ഭാര്യ ഹസീനയ്ക്ക് മാസശമ്പളം കിട്ടിയത് ചാക്കില്‍. ഒരു മാസത്തെ വേതനമായ 6000 രൂപയാണ് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളായി ചാക്കില്‍കെട്ടി കൊടുത്തുവിട്ടത്.

കിഴക്കേക്കോട്ടയില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായിരുന്നു ഹസീന. ഒരാഴ്ച മുന്‍പ് ഹസീനയെയും ബംഗാള്‍ സ്വദേശല മെറീനയേയും ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതോടെ ശമ്പളക്കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും രംഗത്തെത്തി. ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ഇടപെടലില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി. തിങ്കളാഴ്ച എത്തിയാല്‍ ശമ്പളകുടിശ്ശിക നല്‍കാമെന്നും പാര്‍ലര്‍ ഉടമ സമ്മതിച്ചു. ഇതുപ്രകാരം രാവിലെ 11 മണിയോടെ ബ്യൂട്ടിപാര്‍ലറില്‍ ്എത്തിയ ഇരുവര്‍ക്കും ഉടമ നേരത്തെ തയ്യാറാക്കി വച്ചിരുന്ന നാണയച്ചാക്ക് കൈമാറുകയായിരുന്നു. മെറീന ഇത് വേണ്ടെന്നുവെച്ച് തിരികെപ്പോന്നു. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉടമ തിരിച്ചു നല്‍കിയിട്ടില്ല.

നാണയച്ചാക്കുമായി ഹസീന നടന്നു നീങ്ങിയെങ്കിലും ഇടയ്ക്ക് ചാക്ക് കീറി നാണയങ്ങള്‍ നിലത്തുവീണു. പിന്നീട് ഇവരുടെ ഭര്‍ത്താവെത്തിയാക്കി ചാക്ക് ചുമന്നുകൊണ്ടുപോയത്.