എട്ട് വര്‍ഷമായി തിരഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവില്‍ പോലീസ് വലയില്‍

തിരുവനന്തപുരം: 2012ല്‍ ആറ്റിങ്ങല്‍ റജിസ്റ്റര്‍ ചെയ്ത വാഹന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. മുരുക്കുംപുഴ മുല്ലശ്ശേരി അനില്‍ ഹൗസില്‍ മുരുക്കുംപുഴ അനില്‍ എന്ന അനില്‍ അലോഷ്യസാണ് (42) പിടിയിലായത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി വ്യാജ വിലാസത്തില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. ബാങ്ക് മാനേജര്‍ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരത്ത് കഴിയുമ്പോഴായാരുന്നു ഇയാളെ പിടികൂടിയത്. വാഹനം വാങ്ങുന്നവരുടെ ഫോട്ടോയും വ്യാജ തിരച്ചഖിയല്‍ രേഖകളും ചമച്ച് വാഹന ഫിനാന്‍സ് കമ്പനിയില്‍ നിന്നും ലോണ്‍ തരപ്പെടുത്തി വാഹനം വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി. തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ താത്കാലിക രജിസ്‌ട്രേഷന്‍ നടത്തി രേഖകള്‍ കൈവശം വാങ്ങി സെയില്‍ ലെറ്ററും പര്‍ച്ചേഴ്‌സ് എഗ്രിമെന്റും വ്യാജമായി ഇയാള്‍ തയ്യാറാക്കും.

Loading...

ലോണിന്റെ വിവരങ്ങള്‍ മറച്ചുവച്ച് ആറ്റിങ്ങല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും വാഹനത്തിന്റെ രേഖകള്‍ ശേഖരിക്കും. ഇത്തരത്തില്‍ സ്വന്തമാക്കിയ ഒമ്പത് വാഹനങ്ങള്‍ മറിച്ച് വിറ്റും പണയംവച്ചും ഫിനാന്‍സ് കമ്പനിയെ വന്‍ സാമ്പത്തിക തട്ടിപ്പിനിരയാക്കിയെന്നാണ് കേസ്. കമ്പനിയിലെ ജീവനക്കാരെ സ്വാധീനിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.