കുസാറ്റ് പ്രഫസര്‍ നിയമനം;എംജി പിവിസിയുടെ ഭാര്യയ്ക്ക് ഇന്റര്‍വ്യൂവില്‍ 20 ല്‍ 19 മാര്‍ക്ക്

കൊച്ചി. കുസാറ്റ് പ്രഫസര്‍ നിയമനത്തിനു നടത്തിയ ഇന്റര്‍വ്യൂവില്‍ എംജി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലറുടെ ഭാര്യയ്ക്കു നല്‍കിയത് 20 ല്‍ 19 മാര്‍ക്ക്. പിഎസ്സി അഭിമുഖങ്ങള്‍ക്ക് പരമാവധി 14 മാര്‍ക്കേ നല്‍കാറുള്ളൂ. ഈ വ്യവസ്ഥയാണ് സര്‍വകലാശാലകളും പിന്തുടരാറുള്ളത് എന്നിരിക്കെയാണ് 95% മാര്‍ക്ക് നല്‍കിയത്. ഇതേസമയം, ഏറ്റവുമധികം അക്കാദമിക് യോഗ്യതയുള്ളയാള്‍ക്ക് ഇന്റര്‍വ്യൂവിനു നല്‍കിയത് വെറും 5 മാര്‍ക്കാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന റിസര്‍ച് സ്‌കോര്‍ ലഭിച്ചയാളെ പിന്തള്ളി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കാന്‍ സ്വീകരിച്ച അതേ നടപടിയാണ് ഇവിടെയും കൈക്കൊണ്ടതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിച്ചു. എംജി സര്‍വകലാശാലാ പിവിസി ഡോ സിടി അരവിന്ദകുമാര്‍ നല്‍കിയ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോ കെ ഉഷയ്ക്കു കുസാറ്റില്‍ എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് പ്രഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്ന ആരോപണത്തിനു പിന്നാലെയാണ് ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടി നല്‍കിയെന്ന രേഖകള്‍ പുറത്തുവന്നത്.

Loading...

ഭര്‍ത്താവുമായി ചേര്‍ന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളുടെയും മുഴുവന്‍ മാര്‍ക്കും ഉഷയ്ക്ക് നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അക്കാദമിക് യോഗ്യതയുള്ള ഡോ സോണി സി ജോര്‍ജിന് 5 മാര്‍ക്കാണ് ഇന്റര്‍വ്യൂ ബോര്‍ഡ് നല്‍കിയത്. കുസാറ്റിലെ പരിസ്ഥിതി പഠന വകുപ്പില്‍ 21 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അസോഷ്യേറ്റ് പ്രഫസര്‍ ഡോ വി ശിവാനന്ദന്‍ ആചാരിയും പിന്തള്ളപ്പെട്ടവരില്‍പ്പെടുന്നു. കുസാറ്റിലെ തസ്തികയില്‍ 2015 ലാണ് വിജ്ഞാപനം വന്നത്.

അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ മാറി ഇടതു സര്‍ക്കാരിന്റെ കാലത്ത് ഡോ കെഎന്‍ മധുസൂദനനെ വിസിയായി നിയമിച്ചപ്പോള്‍ അദ്ദേഹം നടത്തിയ ആദ്യ നിയമനം ഇതാണെന്ന് ക്യാംപെയ്ന്‍ ഭാരവാഹികള്‍ ആരോപിച്ചു. അതേസമയം ആരോപണം വ്യാജമാണെന്ന് കുസാറ്റ് പ്രതികരിച്ചു. 2010ലെ യുജിസി ചട്ടം പാലിച്ചാണ് നിയമനം എന്നും കുസാറ്റ് വാദിക്കുന്നു.