നിഷയുടെ ഭര്‍ത്താവ് മരിച്ചു ആദാരാഞ്ജലികള്‍: കമലേഷിന്റെ ഭാര്യ വിവാഹമോചനത്തിന്: മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ സൈബർഅക്രമണം

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കു നേരേ അതിരൂക്ഷമായ സൈബർ ആക്രമണവുമായി സിപിഎമ്മുകാർ. വാർത്താ സമ്മേളനത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളോടു മുഖ്യമന്ത്രി പിണറായി വിജയൻ രോഷാകുലനായി ആണ് ഉത്തരങ്ങൾ നൽകിയത്. ഇതേ തുടർന്നാണ് സൈബർ സഖാക്കൾ മാധ്യമപ്രവർത്തകർക്കു നേരെ തിരിഞ്ഞത്. ചർച്ചകളിൽ സർക്കാരിനെ വിവിധ വിഷയങ്ങളിൽ വിമർശിക്കുന്ന മാധ്യമപ്രവർത്തകയായ നിഷയെ സൈബർ സഖാക്കൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കൾ നടത്തുന്നത്. നിഷയുടെ ഭർത്താവ് മരിച്ചു ആദാരാഞ്ജലികൾ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ. മരിച്ചിട്ടില്ലെങ്കിൽ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്.

വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് സർക്കാരിനെതിരേ ഉയരുന്ന വിമർശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവർത്തകരായ അജയ്‌ഘോഷ്, കമലേഷ് എന്നിവർക്കെതിരേ സൈബർ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവർത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വർണക്കടത്തിലെ പ്രതി സ്വപ്‌നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്. ഇതിൽ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രണ്ടു പേർ വാർത്താസമ്മേളനത്തിൽ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങൾ ചോദിക്കുന്നതിനേയും പരസ്യമായി വിമർശിച്ചു രംഗത്തുവന്നിരുന്നു.

Loading...

അതേസമയം സൈബർ സഖാക്കൾക്കെതിരെ ആർഎംപി നേതാവ് കെകെ രമയും രം​ഗത്തെത്തി. മനോരമയിലെ മാദ്ധ്യമപ്രവർത്തക നിഷ പുരുഷോത്തമനെതിരെയും ഏഷ്യാനെറ്റിലെ കമലേഷിനെതിരെയെന്ന വിധത്തിൽ അദ്ദേഹത്തിൻ്റെ ജീവിതപങ്കാളി കൂടിയായ മാദ്ധ്യമ പ്രവർത്തക പ്രജുലയുടെ പേര് ചേർത്തും CPM ൻ്റെ സൈബർ വിഭാഗം അത്യന്തം ഹീനമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും താഴേത്തട്ടിലുള്ള അനുഭാവികളല്ല ഉത്തരവാദപ്പെട്ട നേതൃസ്ഥാനത്തിരിക്കുന്നവർ തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത്. ദേശാഭിമാനി ജീവനക്കാരനായ വിനീത് വി.യു അതിൽ പ്രധാനിയാണ്. നിഷയുടെ സ്ത്രീത്വത്തെത്തന്നെ അവഹേളിക്കുന്ന ആ പോസ്റ്റ് കുടുംബം, വൈവാഹിക ജീവിതം, അതിൽ സ്ത്രീയുടെ റോൾ എന്നിവയെക്കുറിച്ചുള്ള അങ്ങേയറ്റം യഥാസ്ഥിതിക നിലപാടുകൾ കൂടി വച്ചു പുലർത്തുന്നുണ്ട്. ഇതാദ്യമായല്ല നിഷ ഇത്തരമൊരാക്രമണത്തിന് വിധേയയാകുന്നത്. ചാനൽ ചർച്ചയ്ക്കിടെ “നിഷയൊക്കെ തിരുവനന്തപുരത്ത് വന്നിട്ട് എടുക്കുന്ന പണി എന്താണ് എന്ന് ഞങ്ങൾക്കറിയാം.” എന്ന നിലയിൽ ദുഃസൂചനകളോടെ സാംസാരിച്ചത് MLA യും യുവജന നേതാവുമായ ഷംസീറാണ്. “ഞാനെടുക്കുന്ന പണിയെന്താണ് ? പറയൂ ” എന്ന് ധീരമായി ചോദിച്ച , തിരുവനന്തപുരത്ത് മാത്രമല്ല , കണ്ണൂരും ഞാൻ വന്നിട്ടുണ്ടെന്നും അതെൻ്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ സ്ഥൈര്യമാണ് നിഷ.

ഇങ്ങനെ നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയ ഈ അപവാദ പ്രചരണത്തിൻ്റെ യഥാർത്ഥ കാരണം കഴിഞ്ഞ ദിവസങ്ങളിലെ വാർത്താവതരണത്തിലെ നാക്കു പിഴയൊന്നുമല്ല. മാദ്ധ്യമങ്ങളെപ്പോലും കയ്യിലെടുത്ത് കോവിഡ് പ്രതിരോധത്തിൻ്റ മറവിൽ ഭരണവും മുഖ്യമന്ത്രിയും നടത്തുന്ന ‘പ്രതിഛായ നിർമ്മാണം ‘ ചോദ്യം ചെയ്യപ്പെടുന്നതിലെ , പരാജയപ്പെടുന്നതിലെ അമർഷമാണ് മാദ്ധ്യമപ്രവർത്തകർക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നത്. സ്വർണ്ണക്കടത്തും കൺസൾട്ടൻസി രാജും PSC ഉദ്യോഗാർത്ഥികളോടുള്ള മനുഷ്യത്വരാഹിത്യമടക്കം പൊതുജനം തിരിച്ചറിഞ്ഞതിൻ്റെ ജാള്യതയാണ് ഈ രോഷം. ഫാൻസ് അസോസിയേഷൻ്റെ നിലവാരത്തിലുള്ള വെട്ടുകിളിക്കൂട്ടമായി CPM മാറിയിരിക്കുന്നു. അതെന്തായാലും സ്ത്രീകളെന്ന നിലയിൽ നിഷയും പ്രജുലയുമടക്കം നേരിട്ട സിപിഎം സൈബർ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്, ജനാധിപത്യ കേരളം എന്നാണ് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്.