കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേയ്ക്ക് കടന്നു. ഒഡീഷയിലും പശ്ചിമ ബംഗാളിലുമായി പന്ത്രണ്ട് പേരാണ് ഇതുവരെ ചുഴലിക്കാറ്റില്‍ മരിച്ചത്. കോല്‍ക്കത്ത വിമാനത്താവളമടക്കം വിവിധ പ്രദേശങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തില്‍ മുങ്ങി. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമാണ് ഉംപുന്‍. സംഹാരതാണ്ഡവമാടുന്ന നിരവധി വീഡിയോകളാണ് ഇതിനോടകം തന്നെ വൈറലായിക്കൊണ്ടിരിക്കുന്നത്.
Cyclone #Amphan Hit the coastal Area Purba Medinipur District ,Deshapran Block, West Bengal pic.twitter.com/oHIf03stHt
— Arsad Khan (@ErsadullahKhan) May 20, 2020
വലിയ ശബ്ദത്തോടെയാണ് പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ പൊട്ടിത്തെറിച്ചത്. പറന്നുപോകുന്ന കെട്ടിടങ്ങള്‍. കെട്ടിടങ്ങളുടെയെല്ലാം ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിക്കുന്നു. മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയപ്പോള്‍ കാറുകളെല്ലാം പറന്നുപൊങ്ങി ഒന്നിനുമുകളില്‍ ഒന്നായി വീഴുകയായിരുന്നു.
റോഡ് മുഴുവന്‍ വന്‍ വൃക്ഷങ്ങള്‍ പോലും കടപുഴകി വീണു കിടക്കുന്നു. കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി.
പല താല്‍കാലിക നിര്‍മിതികളും നിലം പൊത്തി.ഒരു ലക്ഷം കോടിയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ വേഗതയും ദിശയും നേരത്തെ കാലാവസ്ഥ കേന്ദ്രം നിര്‍ണ്ണയിച്ചത് പ്രകാരം മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞു.ബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെടുന്ന രണ്ടാമെത്തെ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍. 1999 ല്‍ വീശിയടിച്ച സൂപ്പര്‍ സൈക്ലോണില്‍ പതിനായിരത്തോളം പേര്‍ക്കാണ് ഒഡീഷയില്‍ ജീവന്‍ നഷ്ടമായത്.