നിവാർ ചുഴലിക്കാറ്റ്, ചെന്നൈ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ചെമ്പരമ്പാക്കം തടാകം നിറഞ്ഞു കവിഞ്ഞു

ചെന്നൈ: നിലവിൽ തീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ചെന്നൈ നഗരം അതീവജാഗ്രതയിലാണ്. ബുധനാഴ്ച അർദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോ ആയി തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ചെന്നൈ നഗരത്തിന്‍റെ തീരമേഖല അതീവജാഗ്രയിലാണ്. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാരയ്ക്കലിൽ തീരത്തുണ്ടായിരുന്ന മത്സ്യബോട്ടുകൾ ഒഴുകിപ്പോയി. എല്ലാ പിന്തുണയും തമിഴ്നാടിനും പുതുച്ചേരിക്കും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള മഹാബലിപുരത്തിനും (തലസ്ഥാനത്ത് നിന്ന് 56 കിലോമീറ്റർ) പുതുച്ചേരിയിലെ കാരയ്ക്കലിനുമിടയിൽ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതിനാൽ തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ല്യുഡി അധികൃതർ മുന്നറിയിപ്പ് നൽകി.

Loading...

22 അടിയിൽക്കൂടുതൽ ജലനിരപ്പ് ഉയർന്നാൽ ഉടൻ തടാകത്തിൽ നിന്ന് ആയിരം ക്യുസെക്സ് വെള്ളം തുറന്നുവിടുമെന്നാണ് മുന്നറിയിപ്പ്. തടാകത്തിന്‍റെ ആകെ സംഭരണശേഷി 24 അടിയാണ്. ചെന്നൈ നഗരത്തിലെ അടയാർ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങൾ അടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രത്യേക ദൗത്യവുമായി എഞ്ചിനീയർമാരെയും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെയും അയച്ചിട്ടുണ്ട്. വെള്ളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂർ, വൽസരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം.