അറബിക്കടലിൽ ന്യൂനമർദം; 14 മുതൽ കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി

കടലിൽ മോശമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം 2021 മേയ് 14 മുതൽ ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെക്ക് കിഴക്കൻ അറബിക്കടലിൽ 14 ന് രാവിലെയോടെ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം 16 ഓടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. കേരളത്തിൽ 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടുന്ന മൽസ്യ തൊഴിലാളികൾക്ക്, എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചേരൻ നിർദേശം നൽകിയിട്ടുണ്ട്. വായുസേനയുടെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സജ്ജമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും ശക്തമായ കാറ്റും കേരളത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും, മലയോര മേഖലയിൽ മണ്ണിടിച്ചിൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 നമ്പറിൽ ഇ.ഓ.സിയുമായി ബന്ധപ്പെടാവുന്നതാണ്. നിർദ്ദേശങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.