300 രൂപ കൂലിയില്‍ ജോലി ചെയ്യുന്ന യുവാവിന് ഒരു കോടിയുടെ ആദായ നികുതി നോട്ടീസ്

മുംബൈ: 300 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാള്‍ക്ക് ഒരു കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് നോട്ടീസ്. മുംബൈ ചേരിയില്‍ താമസിക്കുന്ന ഭൗസാഹേബ് അഹിറേ എന്നയാള്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. നോട്ടീസ് കണ്ട ഭൗസാഹേബ് അഹിറോയുടെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. ഭാര്യാപിതാവിനൊപ്പം കുടിലിലാണ് ഭൗസാഹേബിന്റെ താമസം.

ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഭൗസാഹേബിന് വെറും 300 രൂപയാണ് ശമ്പളം. ആദായനികുതി വകുപ്പ് അയച്ച നോട്ടീസില്‍ 1.05 കോടി രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശം. നോട്ടുനിരോധനക്കാലത്ത് ഭൗസാഹേബിന്റെ അക്കൗണ്ടില്‍ 58 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു നിക്ഷേപം നടന്ന അക്കൗണ്ടിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് ഭൗസാഹേബ് അഹിറേ പറയുന്നത്.

Loading...

2016ല്‍ നോട്ടുനിരോധന സമയത്ത് ഈ തുക ബാങ്കില്‍ നിക്ഷേപിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള ആദ്യ നോട്ടീസ് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇയാള്‍ക്ക് ലഭിച്ചത്. ജനുവരി ഏഴാം തീയതി ഇത് സംബന്ധിച്ചുള്ള രണ്ടാമത്തെ നോട്ടീസും ലഭിച്ചു. ആദ്യം നോട്ടീസ് ലഭിച്ചപ്പോള്‍ ഭൗസാഹേബ് ഐ.ടി ഓഫീസിനെയും ബാങ്കിനെയും സമീപിച്ചിരുന്നു. രണ്ടാമതും നോട്ടീസ് വന്നതോടെ പരാതിയുമായി ഇയാള്‍ പോലീസിനെ സമീപിച്ചു.

വ്യാജരേഖ ഉപയോഗിച്ചാകും അക്കൗണ്ട് ആരംഭിച്ചതെന്ന് സംശയമുണ്ടെന്നും ഭൗസാഹേബ് പറയുന്നു. ഇയാളുടെ പാന്‍ കാര്‍ഡ് നമ്പര്‍ വച്ചുകൊണ്ടാണ് അക്കൗണ്ട് ആരംഭിച്ചിരുന്നതെങ്കിലും അതിനായി നല്കിയിരിക്കുന്ന ഒപ്പുകളും ഫോട്ടോയും ഭൗസാഹേബിന്റേതല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.