“എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍… എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു” സാമൂഹ്യമായ ഒറ്റപ്പെടുത്തലിന്റെയും നീതി നിഷേധത്തിന്റെയും ഇരയായി, താന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി സംഘടനയുടെ കൊടിയില്‍ കെട്ടിത്തൂങ്ങി ജീവിതം അവസാനിപ്പിച്ച രോഹിത് വെമുല.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. അഞ്ചു പേജുള്ള കുറിപ്പില്‍, തന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ലെന്നും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരും എന്റെ ഈ ചെയ്തിക്ക് കാരണമായിട്ടില്ലെന്നും പറയുന്നു. ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍… എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളുവെന്ന് രോഹിത് പറയുന്നു.

Loading...

രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ്

“ഗുഡ്‌മോണിംഗ്,

ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. എനിക്കറിയാം നിങ്ങളില്‍ ചിലര്‍ എന്നെ സംരക്ഷിച്ചിട്ടുണ്ട്, ശരിക്കും സ്‌നേഹിച്ചിട്ടുണ്ട്. എനിക്ക് ആരെക്കുറിച്ചും പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്‌നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി എനിക്കു തോന്നുന്നു. ഞാന്‍ ഒരു ഭീകരരൂപിയായി മാറിയിരിക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരന്‍. എന്നാല്‍ അവസാനം എനിക്കീ ആത്മഹത്യ കുറിപ്പ് മാത്രമേ എഴുതാന്‍ സാധിച്ചുള്ളൂ.

ഞാന്‍ ശാസ്ത്രത്തെയും പ്രകൃതിയെയും നക്ഷത്രങ്ങളെയും ഇഷ്ടപ്പെട്ടു. പ്രകൃതിയില്‍ നിന്ന് അകന്ന ശേഷം മനുഷ്യര്‍ ഏറെ ദൂരം താണ്ടിയെന്നറിയാതെ ജീവിക്കുന്ന മനുഷ്യരെയും ഞാന്‍ സ്‌നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാം തരമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മ്മിക്കപ്പെട്ടതാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറം പിടിപ്പിച്ചതാണ്. ഞങ്ങളുടെ മൗലികത കൃത്രിമ കലകളിലൂടെയാണ് സാധുവായിത്തീരുന്നത്. മുറിവേല്‍ക്കാതെ സ്‌നേഹിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മനുഷ്യന്റെ മൂല്യം അവന്റെ പെട്ടന്നുള്ള ഐഡന്റിയിലേക്കും ഏറ്റവുമടുത്ത സാധ്യതകളിലേക്കുമൊതുക്കി. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക്. എന്നാല്‍ മനുഷ്യനെ മനസെന്ന നിലയില്‍ ഒരിക്കലും പരിചരിക്കുന്നില്ല. മഹത്തായ ഏതൊരു വസ്തുവും നക്ഷത്ര ധൂളിയില്‍ നിന്നാണ് നിര്‍മ്മിക്കപ്പെടുന്നത്; പഠനത്തിലും തെരുവിലും ചേതനവും അചേതനവുമായ എല്ലാ മേഖലയിലും.

ഞാന്‍ ഇത്തരത്തിലൊരു കത്തെഴുതുന്നത് ആദ്യമായാണ്. ഒരു അവസാന കത്തില്‍ എന്റെ ആദ്യ അവസരവും. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

ഒരുപക്ഷേ എനിക്ക് തെറ്റ് പറ്റിയിരിക്കാം, ഈ ലോകത്തെ മനസിലാക്കുന്നതില്‍, സ്‌നേഹം, വേദന, ജീവിതം, മരണം എന്നിവ മനസിലാക്കുന്നതില്‍ എനിക്ക് തെറ്റിയിരിക്കാം. എനിക്ക് എല്ലായ്‌പ്പോഴും തിടുക്കമുണ്ടായിരുന്നു. ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ അങ്ങേയറ്റം നിരാശ ബാധിച്ചു. ചിലര്‍ക്ക് ജീവിതം തന്നെ ശാപമാണ്. എന്നെ സംബന്ധിച്ച് എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. ബാല്യത്തിലെ ഏകാന്തതയില്‍ നിന്ന് എനിക്കൊരിക്കലും മോചനം ലഭിച്ചിട്ടില്ല.

ഈ നിമിഷത്തില്‍ ഞാന്‍ മുറിവേറ്റവനല്ല, ഞാന്‍ ദുഃഖിതനല്ല, ഞാന്‍ ശൂന്യനല്ല. എനിക്ക് എന്നെക്കുറിച്ച് ആശങ്കയില്ല. അത് പരിതാപകരമാണെന്ന് എനിക്കറിയാം അതുകൊണ്ടു തന്നെയാണ് ഈ തീരുമാനം എടുത്തതും. ഞാന്‍ പോയിക്കഴിഞ്ഞ് എന്നെ ഒരു ഭീരുവായോ സ്വാര്‍ത്ഥനായോ വിഢ്ഢിയായോ ആളുകള്‍ ചിത്രകരിച്ചേക്കാം. എന്നെക്കുറിച്ച് ആളുകള്‍ എന്ത് കരതുന്നുവെന്ന് എനിക്ക് ആശങ്കയില്ല. മരണാനന്തര കഥകളിലോ പ്രേതം, ആത്മാവ് എന്നിവയിലോ എനിക്ക് വിശ്വാസമില്ല. എനിക്ക് നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനും ഇതര ലോകത്തെക്കുറിച്ച് അറിയാനും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എനിക്ക് ഏഴ് മാസത്തെ ഫെലോഷിപ്പ് ഇനത്തില്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ കിട്ടാനുണ്ട്, ഈ കത്ത് വായിക്കുന്നവര്‍ ആരായാലും ആ തുക എന്റെ കുടുംബത്തിന് കിട്ടാന്‍ സഹായിക്കണം. രാംജിക്ക് നാല്‍പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം അത് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, ആ തുക തിരികെ നല്‍കുക.

ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം എന്റെ സംസ്‌കാര ചടങ്ങ് നടത്തേണ്ടത്. ഞാന്‍ ഇവിടെ നിന്ന് പോയി, അങ്ങനെ മാത്രമേ പെരുമാറാവൂ. എനിക്ക് വേണ്ടി കണ്ണീരൊഴുക്കരുത്. എനിക്ക് ജീവിച്ചിരിക്കുന്നതിനേക്കാള്‍ സന്തോഷം മരിയ്ക്കാനാണെന്ന് അറിയുക.

‘നിഴലില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’

ഉമ അണ്ണാ, ഇതിന് താങ്കളുടെ മുറി ഉപയോഗിച്ചതില്‍ ക്ഷമിക്കുക.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) കുടുംബത്തോട്, നിങ്ങളെ നിരാശരാക്കുന്നതില്‍ ക്ഷമിക്കുക, നിങ്ങള്‍ എന്നെ വളരെയധികം സ്‌നേഹിച്ചു. നിങ്ങളുടെ ഭാവിക്ക് എല്ലാ നന്മകളും നേരുന്നു.
അവസാനമായി

ജയ് ഭീം

അതിനിടെ ആത്മഹത്യ കുറിപ്പിലെ ഔപചാരികതകള്‍ ഞാന്‍ മറന്നു, എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കാലോ പ്രവര്‍ത്തിയാലോ ആരും എന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടില്ല. ഇത് എന്റെ തീരുമാനമാണ്, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വവും എനിക്ക് മാത്രമാണ്. എന്റെ മരണത്തിന് ശേഷം എന്റെ സുഹൃത്തുക്കളെയോ ശത്രുക്കളെയോ ബുദ്ധിമുട്ടിക്കരുത്. ”

പ്രതിഷേധം ശക്തം

രോഹിത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. അധികൃതര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയാറാകണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ മൃതദേഹവുമായി പ്രതിഷേധിച്ച എട്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.  വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍വകലാശാല കാമ്പസ് അടച്ചു.

ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ രണ്ടാംവര്‍ഷ ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുലയെ (28) സഹവിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.എസ്.യു.) എന്ന ദളിത് വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനായ രോഹിതിനെയും ദൊന്ത പ്രശാന്ത്, വിജയ് കുമാര്‍, ശേഷു ചെമുദുഗുണ്ട, സുങ്കണ്ണ എന്നിവരെയും വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഡ്‌ചെയ്തിരുന്നു. മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ‘മുസാഫര്‍നഗര്‍ ബാക്കി ഹേ’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എ.ബി.വി.പി.യുമായി കാമ്പസിലുണ്ടായ ഏറ്റുമുട്ടലാണ് ഇതിനിടയാക്കിയത്. സുശീല്‍ കുമാര്‍ എന്ന എ.ബി.വി.പി. നേതാവിനെ രോഹിതും കൂട്ടുകാരും ആക്രമിച്ചു എന്നായിരുന്നു പരാതി.
കഴിഞ്ഞമാസം അഞ്ച് വിദ്യാര്‍ഥികളെയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. ക്ലാസ് മുറി, ലൈബ്രറി എന്നിവയൊഴികെ കാമ്പസിലെ മറ്റിടങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി. അധോലോക നേതാവ് യാക്കൂബ് മേമന് വധശിക്ഷ നല്‍കുന്നതിനെതിരെ പ്രതിഷേധിച്ചതാണ് ഇതിനുകാരണമെന്ന് പറയപ്പെടുന്നു. സര്‍വകലാശാലാ നിര്‍വാഹകസമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു ഇത്. സെക്കന്തരാബാദ് എം.പി.യും കേന്ദ്ര തൊഴില്‍മന്ത്രിയുമായ ബണ്ടാരു ദത്താത്രേയയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പുറത്താക്കിയതെന്നാണ് ആരോപണം.

ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രമന്ത്രിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബന്ദാലു ദത്താത്ത്രേയക്കെതിരെ കേസെടുത്തു. അദ്ദേഹത്തെ കൂടാതെ വൈസ് ചാന്‍സിലര്‍ അപ്പ റാവുവിനെതിരെയും എ.ബി.വി.പി. നേതാക്കളായ സുശീല്‍ കുമാര്‍, വിഷ്ണു എന്നിവര്‍ക്കെതിരെയും കേസുണ്ട്.  പ്രേരണാക്കുറ്റവും എസ്സി എസ്ടി വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന പരാതിയില്‍ കഴിഞ്ഞ കൊല്ലമാണ് രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് ദലിത് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ദത്താത്ത്രേയ കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര മന്ത്രിയ്‌ക്കെതിരെ കേസെടുത്തത്.

വിദ്യാര്‍ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചു. ബി.ജെ.പി.യുടെയും ആര്‍.എസ്.എസ്സിന്റെയും പ്രാദേശിക നേതാക്കള്‍ വൈസ് ചാന്‍സലറുടെമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്. പുറത്താക്കിയതിലുള്ള മനോവിഷമത്തിലാണ് രോഹിത് ആത്മഹത്യചെയ്തതെന്ന് സഹപാഠികള്‍ ആരോപിച്ചു. എ.എസ്.യു.വിന്റെ നീലബാനറിലാണ് രോഹിത് തൂങ്ങിമരിച്ചത്.