കലങ്ങിച്ചുവക്കുന്ന കണ്ണുകൾ… ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം…ജാഗ്രതൈ, കാത്തിരിക്കുന്നത് അപൂർവ്വരോഗം

ചുവന്നുകലങ്ങിയ കണ്ണുകളും, ഇടയ്ക്കിടെ ചോരത്തുള്ളികളിറ്റ് വീഴുന്ന മൂക്കുമായി ഒരു കൂട്ടം മനുഷ്യര്‍. എപ്പോള്‍ വേണമെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ച് മരിച്ചുപോയേക്കാം. ആരെയും ആര്‍ക്കും രക്ഷപ്പെടുത്താനാവാത്ത, എല്ലാവരും ഒരുപോലെ അപകടത്തിലായിരിക്കുന്ന ഒരവസ്ഥ.

കേള്‍ക്കുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരു കഥ പോലെ തോന്നിയേക്കാം. ഒരു നഗരത്തിലെ മുഴുവന്‍ മനുഷ്യരും ഭീതിയോടെ കഴിയുക. നിസ്സഹായതയോടെ നാളെ എന്തെന്ന് അറിയാതെ, എങ്ങോട്ടും പോയി രക്ഷപ്പെടാനാകാതെ ഒരിടത്ത് തന്നെ കുടുങ്ങിക്കിടക്കുക.

Loading...

എന്നാല്‍ ഇത് കഥയോ സിനിമയോ ഒന്നുമല്ല. തായ്‌ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് ഇപ്പോള്‍ നേരിടുന്ന ഭീകരാവസ്ഥയുടെ നേര്‍ചിത്രമാണിത്. എന്തെങ്കിലും അസുഖങ്ങള്‍ മൂലമോ അല്ലെങ്കില്‍ പരിക്കുകള്‍ മൂലമോ ഒന്നുമല്ല ഇത്. കേള്‍ക്കുമ്പോള്‍ ‘ഓ ഇത്രയേ ഉള്ളൂ’വെന്ന് പറഞ്ഞ് നമ്മള്‍ മുഖം തിരിക്കാറുള്ള ഒരു കാരണം. വായു മലിനീകരണം.

മുഖം തിരിക്കാന്‍ വരട്ടെ, അങ്ങനെ നിസ്സാരമാത്തി തള്ളിക്കളയാനും വരട്ടെ. കാരണം ഈ അപകടം നമുക്ക് തൊട്ടടുത്തും എത്തിക്കഴിഞ്ഞു. ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത മഞ്ഞുകാലത്ത്, അതുമല്ലെങ്കില്‍ അതിന്റെയും അടുത്ത കൊല്ലം നമ്മളിത് നേരിടാന്‍ പോകുന്നു.

അന്തരീക്ഷമലിനീകരണം കൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ കണക്കെടുത്തപ്പോള്‍ അതില്‍ അഞ്ചാം സ്ഥാനത്താണ് ബാങ്കോക്ക് എത്തിയത്. ആദ്യസ്ഥാനത്ത് എത്തിയ നഗരം ഏതെന്ന് അറിയാമോ? ഇന്ത്യയുടെ പുരാതന നഗരവും, രാജ്യത്തിന്റെ തലസ്ഥാനവുമായ ന്യൂ ദില്ലി.

സദാസമയവും കലങ്ങിച്ചുവന്നുകിടക്കുന്ന കണ്ണുകളും ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമിറ്റുന്നതുമെല്ലാം അതിശയോക്തിയല്ലെന്ന് ബാങ്കോക്കുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

ഫാക്ടറികളില്‍ നിന്നുള്ള മലിനവായുവും, ദില്ലിയിലെ അവസ്ഥയ്ക്ക് സമാനമായി പുറംഗ്രാമങ്ങളില്‍ നിന്ന് കൃഷിക്ക് ശേഷം വരുന്ന അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുമെല്ലാം തന്നെയാണ് ഇവിടത്തെയും പ്രധാന പ്രശ്‌നങ്ങള്‍.