ചിറയൻകീഴിൽ സഹോദരിയുടെ ഭർത്താവിനെ മർദിച്ച സംഭവം; പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ സഹോദരൻ ക്രൂരമായി മർദിച്ച കേസിൽ തെളിവെടുപ്പ് ഇന്ന്. പ്രതിയുമായുള്ള തെളിവെടുപ്പാണ് ഇന്ന് നടക്കുക. സഹോദരൻ ഡാനിഷാണ് കേസിൽ അറസ്റ്റിലാിരിക്കുന്നത്. വെള്ളിയാഴ്ച ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നുമാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡാനിഷിനെ അറസ്റ്റ് ചെയ്തത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഡാനിഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.സംഭവം ദിവസം പൊലീസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നുവെങ്കിലും കസ്റ്റഡിയിൽ എടുത്തിയിരുന്നില്ല. പരാതി ലഭിക്കാത്തത് കൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തത് എന്നായിരുന്നു ചിറയിൻകീഴ് പൊലീസിന്റെ വിശദീകരണം.

ദീപ്തി ചിറയിൻകീഴ് പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനം നടത്തുന്നുണ്ടെന്നറിഞ്ഞാണ് ഡാനിഷ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്. ഒക്ടോബർ 31ന് ചിറയിൻകീഴ് ബീച്ച് റോഡിൽ വച്ചായിരുന്നു ബോണക്കാട് സ്വദേശിയായ മിഥുന് (29) മർദ്ദനമേറ്റത്. ഇരുമത വിഭാഗങ്ങളിൽപ്പെട്ട ഇരുപത്തിനാലുകാരിയായ ദീപ്തിയും ഡിടിപി ഓപ്പറേറ്ററായ മിഥുനും തമ്മിൽ പ്രണയത്തിലയിരുന്നു.
ദീപ്തി ലാറ്റിൻ ക്രിസ്ത്യനും മിഥുൻ ഹിന്ദു തണ്ടാൻ വിഭാഗക്കാരനുമായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിർപ്പ് അറിയിച്ചതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം പോകുകയായിരുന്നു. തുടർന്ന് ഒക്ടോബർ 29ന് ഇരുവരും വിവാഹിതരായി. ദീപ്തിയുടെ സഹോദരനും ഡോക്ടറുമായ ഡാനിഷ് പള്ളിയിൽ വച്ച് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിൻകീഴിലേയ്ക്ക് വിളിച്ചുവരുത്തിയത്. മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷ് മിഥുനെ ക്രൂരമായി മർദ്ദിച്ചത്. സമീപത്തെ കടയിലെ സിസിടിവിയിൽ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

Loading...