ജീവിതം മുഴുവന്‍ ആരോഗ്യമുള്ള കണ്ണുകള്‍ക്ക് ഈത്തപ്പഴം

പഴങ്ങള്‍ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാവില്ല. നമ്മുടെ സമീകൃതാഹാരത്തിലെ അവിഭാജ്യഘടകമായി നാം അതിനെ പരിഗണിക്കുന്നു. വിവിധ തരത്തിലും ഇനത്തിലും അനേക വര്‍ണ്ണങ്ങളിലുമായി വിത്യസ്ത രുചികളുള്ള എണ്ണ മറ്റ പഴവര്‍ഗ്ഗത്തെ പ്രപഞ്ച നാഥന്‍ നമുക്ക് വേണ്ടി ഒരുക്കി ത്തന്നിരിക്കുന്നു.

“പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങലും, ഈന്തപ്പനകളും, വിവിധ തരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യായം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യായം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുകയില്ല.” [വി.ഖുര്‍ആന്‍: 6:141].

Loading...

dates-03
പഴങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഏത്? എന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളായിരിക്കും. നമ്മുടെ നാട്ടില്‍ ചെറുപ്പക്കാലത്ത് വയറുനിറയേ നാം വാരിവലിച്ച് തിന്നിരുന്ന ചക്കയും, മാങ്ങയും പറങ്കിമാങ്ങയുമെല്ലാം പഴങ്ങളുടെ കൂട്ടത്തില്‍ വമ്പന്മാര്‍ തന്നെ. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള പഴങ്ങള്‍ കാണുവാനും രുചിക്കാനുമുള്ള ഭാഗ്യം ലഭിച്ചത് സഊദി അറേബ്യയില്‍ വന്നതിന് ശേഷമാണ്. ഇബ്രാഹീം നബി (അ) യുടെ പ്രാര്‍ത്ഥനാഫലമായി അനുഗ്രഹീതമായ ഈ നാട്ടില്‍ എല്ലാ വിഭവങ്ങളും വന്നു ചേരുന്നു. കാരക്ക കായ്ക്കുന്ന നാട്ടിന്റെ മധുവൂറും കിസ്സകള്‍ പലതും ചെറുപ്പത്തിലേ പറഞ്ഞു കേട്ടിരുന്നു വെങ്കിലും നോമ്പുതുറക്കുന്ന നേരങ്ങളില്‍ ചെറിയ പത്തിരിക്കഷ്ണങ്ങള്‍ക്ക് ഇടയില്‍ ചീന്തിയിട്ടിരുന്ന ഉണക്ക ക്കാരക്കയുടെ കാര്യം വല്ലാതെയൊന്നും മനസ്സില്‍ പതിഞ്ഞിരുന്നില്ല.
“ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പുറത്തുവരുന്നു. അപ്രകാരം തന്നെ മുന്തിരിത്തോട്ടങ്ങളും, പരസ്പരം തുല്യത തോന്നുന്നതും. എന്നാല്‍ ഒരു പോലെയല്ലാത്തതുമായ ഒലീവും മാതളവും നാം ഉല്പാദിപ്പിച്ചു. അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും, മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്.” [വി. ഖുര്‍ആന്‍ 6:99]

ധാന്യമായും പച്ചക്കറികളായും നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മറ്റു പോഷകങ്ങള്‍ക്കു പുറമേ മുക്കാല്‍ ഭാഗവും നമുക്കാവശ്യമായ ജലാംശമാണുള്ളത്. എല്ലാ പഴവര്‍ഗ്ഗങ്ങളിലും വിവിധ തരത്തിലുള്ള പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടങ്കിലും തൊണ്ണൂറ് ശതമാനവും ജലാംശമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈത്തപ്പഴം ഇതില്‍ നിന്നും തികച്ചു വിത്യസ്ഥാമാണ്. കാത്സ്യം,ഇരുമ്പ്, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗ്നീസ്, കോപ്പര്‍, തുടങ്ങിയവയുടെ കലവറയാണ് ഈത്തപ്പഴം. മറ്റൊരു പഴത്തിലും ഇത്രയധികം ധാതുലവണ ഘടകങ്ങളും പോഷകമൂല്യങ്ങളും ഉള്ളതാ‍യി കണ്ടെത്തിയിട്ടില്ല. പല പഴങ്ങളെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പ്രതിപാതിക്കുന്നുണ്ടങ്കിലും ‘ ഉപജീവന ഫലം’ എന്ന വിശേഷണം നല്‍കി ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറഞ്ഞത് ഈത്തപ്പഴമാണ്. “അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈത്തപ്പനകളും നാം മുളപ്പിക്കുന്നു. നമ്മുടെ ദാസന്മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ [വി.ഖുര്‍ആന്‍ 50:10]

ഏതുപ്രായക്കാര്‍ക്കും എപ്പോഴും ഭക്ഷിക്കാന്‍ പറ്റുന്ന വിശിഷ്ഠമായ ഒരു ഫലമത്രെ ഇത്. നബി(സ) യുടെ തിരുസന്നിദ്ധിയില്‍ കൊണ്ടുവരപ്പെടാറുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഈത്തപ്പഴം ചാലിച്ച് കുഴമ്പുപരുവത്തിലാക്കി അവിടുന്ന് ചുണ്ടുകളില്‍ പുരട്ടികൊടുക്കാറുണ്ടായിരുന്നു. മുലപ്പാലു കുടിച്ചു തുടങ്ങുന്ന പിഞ്ചോമനകളുടെ കൊച്ചു ചുണ്ടുകളില്‍ മധുരം പുരണ്ടാല്‍ ചുണ്ടനക്കങ്ങളിലൂടെയുണ്ടാകുന്ന പേശീചലനം പാലുകുടിക്കാന്‍ അവരെ സഹായിക്കുന്നു. ഈ മധുരം പുരട്ടല്‍ സുന്നത്ത് കൂടിയാണ്.

dates 4നോമ്പു തുറക്കാന്‍ നബി(സ) തെരഞ്ഞടുത്തതും ഈത്തപ്പഴം തന്നെ അതില്ലങ്കില്‍ ഉണങ്ങിയ കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ അവിടുന്ന് നോമ്പ് തുറക്കും. “ദാഹം തീര്‍ന്നു, നാഡിഞരമ്പുകള്‍ നനവാര്‍ന്നതായി. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലവും ഉറപ്പായി” എന്ന പ്രാര്‍ത്ഥന ഉരുവിടുമ്പോഴേക്കും ക്ഷീണിച്ച നമ്മുടെ ശരീരത്തിന്ന്‍ ആത്യാവശ്യമായ ഗ്ലൂക്കോസും മറ്റു പോഷകങ്ങളും ഈത്തപ്പഴത്തില്‍ നിന്ന് അതിവേഗം നമുക്ക് ലഭിക്കുന്നു.

അടുപ്പില്‍ തീപ്പുകയാത്ത വറുതിയുടെ നാളുകളില്‍ മാസങ്ങളോളം നബി തിരുമേനി(സ)യും കുടുംബവും ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ച് നാളുകള്‍ തള്ളിനീക്കിയിരുന്നു.

വിവിധ രോഗങ്ങള്‍ക്കുള്ള ഒരു ഒറ്റമൂലി കൂടിയാണ് ഈ പഴം. ദിവസം തോറും ഒരോ ഈത്തപ്പഴം വെച്ചു കഴിച്ചാല്‍ ജീവിതം മുഴുവന്‍ ആരോഗ്യമുള്ള കണ്ണുകള്‍ നിങ്ങള്‍ക്ക് സ്വന്തം. രോഗപ്രതിരോധത്തിനായി 20-35ഗ്രാം നാരുകള്‍ ലഭിക്കാനാവശ്യമായ ഈത്തപ്പഴം ഒരു ദിവസം കഴിക്കണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആഴച്ചയില്‍ രണ്ടു തവണ ഇത് കഴിക്കുന്നത് ഹൃദ്രേഗ ശമനത്തിന് ഉത്തമമാണ്.

ഇമ്രാന്റെ മകള്‍ മറിയമിന് പ്രസവ വേദനയുണ്ടായപ്പോള്‍ ഒരു ഈത്തപ്പനയുടെ തണലിലേക്ക് വിശ്രമിക്കാനായി അവര്‍ മാറിനിന്ന ചരിത്രം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും തളര്‍ന്ന അവര്‍ പരമകാരുണ്യകനോട് പ്രാര്‍ത്ഥിച്ചു. അല്ലാഹു പറഞ്ഞു “നീ ഈന്തപ്പന മരം നിന്റെ അടുക്കലേക്ക് പിടിച്ചു കുലുക്കി കൊള്ളുക അത് നിനക്ക് പാകമായ ഈത്തപ്പഴം വീഴ്ത്തി തരുന്നതാണ്. അങ്ങിനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക.” [വി. ഖുര്‍ആന്‍ 19:25,26] യാതൊരു പ്രയാസങ്ങളുമില്ലാതിരുന്ന സമയത്ത് പ്രാര്‍ത്ഥനാ വേദിയായ മിഹ്റാബിലേക്ക് മറിയമിന് ആഹാരമെത്തിച്ചു കൊടുത്ത അല്ലാഹു തന്നെയാണ്. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും അവശതയാ‍ല്‍ ക്ഷീണിതയായ അവരോട് ഈത്തപ്പന പിടിച്ചുകുലുക്കാന്‍ കല്‍പ്പിക്കുന്നത്. ഇത്തരം അവസരങ്ങളിലും ശാരീരിക വ്യായാമം അത്യാവശ്യ മാണെന്ന ഒരു വലിയ അറിവാണ് ഖുര്‍ആനിന്റെ ഈ വരികളിലൂടെ നാം വായിച്ചെടുക്കുന്നത്. പ്രസവിച്ച ഉടനെ മറിയം ബീവിക്ക് കിട്ടിയ ഭക്ഷണമോ? ഈത്തപ്പഴവും വെള്ളവും. പ്രസവരക്ഷക്ക് വേണ്ടി അജമാംസരസായനവും, തെങ്ങിന്‍ പൂക്കുലാതി ലേഹ്യവുമൊക്കെ സ്ത്രീകള്‍ക്ക് വാങ്ങിക്കൊടുക്കുന്ന നമുക്ക് ഒരു “ഈത്തപ്പഴാദി ലേഹ്യ” ത്തെ ക്കുറിച്ച് എന്തുകൊണ്ട് ആലോചിച്ച് കൂടാ..?
ഈത്തപ്പഴത്തിലടങ്ങിയ പല ഔഷധമൂല്യങ്ങളും ചെറുകുടലിലെ അസുഖങ്ങള്‍ കുറക്കുകയും ഉപകാരികളായ ബാക്ടീരിയകളെ ചെറുകുടലില്‍ വളരാന്‍ സഹായിക്കുകയും ചെയ്യും. തലേദിവസം വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ഈത്തപ്പഴം രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. ഒരു കിലോ ഈത്തപ്പഴത്തിന് 3000 കലോറിയാണ് ലഭിക്കുന്നത് മറ്റൊരു പഴത്തില്‍ നിന്നും ഇത്രലഭിക്കുന്നില്ല.

“ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്ന്‍ നിങ്ങള്‍ക്കുനാം പാനീയം നല്‍കുന്നു. അതില്‍ നിന്ന് ലഹരി പദാര്‍ത്ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തമുണ്ട്. [വി.ഖുര്‍ആന്‍ 16:67]

ഒരേ തരം പഴത്തില്‍ നിന്നു തന്നെ ദോഷകരമായ ലഹരി പദാര്‍ത്ഥവും, വിശിഷ്ടമായ പഴസമ്പത്തും മനുഷ്യര്‍ക്ക് ലഭ്യമാക്കി നല്ലതും ചീത്തയും യഥേഷ്ടം തെരഞ്ഞടുത്ത് ഉപയോഗിക്കാന്‍ അല്ലാഹു അവസരം നല്‍കിയിരിക്കുകയാണ്.

ഈത്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തി സിറപ്പാക്കി ദിവസവും കഴിച്ചാല്‍ ഹൃദയാഘാത സാദ്ധ്യത 40 വരെ കുറയുമെന്നാണ് ഇതില്‍ പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്. ഈത്തപ്പഴ മാഹാത്മ്യം ഇനിയും ഒരു പാട് എഴുതാനുണ്ട്.

{ഈ ആർട്ടിക്കിളിൽ  വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകള്‍ക്ക് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ പരിഭാഷയെ അവലംബമാക്കിയാണ് വിവര്‍ത്തനം നല്‍കിയിട്ടുള്ളത്}