ദില്ലി: സ്വത്തുക്കളുടെ ഉടമസ്ഥാവകാശം നല്‍കാത്തിതിനെ തുടര്‍ന്ന് കാമുകനെ കൂട്ട് പിടിച്ച് മാതാപിതാക്കളെ വെട്ടിനുറുക്കി ഓവുചാലില്‍ താഴ്ത്തി മകള്‍. സംഭവത്തില്‍ 26കാരിയായ മകളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ പശ്ചിം വിഹറിലാണ് അതിക്രൂര കൃത്യം നടന്നത്.
ഓവുചാലില്‍ മൂന്ന് ദിവസം മുമ്പാണ് ഒരു സ്യൂട്‌കേയ്‌സ് കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ കൊത്തി നുറുക്കിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹവും പോലീസ് കണ്ടെത്തി. ജഗീര്‍ കൗര്‍(47)എന്ന സ്ത്രീയുടെതാണ് ഈ മൃതദേഹമെന്നും ഇവരുടെ ഭര്‍ത്താവ് ഗുര്‍മീത് സിങിനെ കാണാനില്ലെന്നും പൊലീസ് മനസിലാക്കി. പിറ്റേദിവസം ജഗീര്‍ കൗറിന്റെ മൃതദേഹം കണ്ടെത്തിയ ഓവുചാലിന് എതിര്‍ വശത്തായി ഗൂര്‍മീതിന്റെ മൃതദേഹവും സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് മകളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ചോദ്യം ചെയ്യലില്‍ മറുപടിയിലുണ്ടായ വൈരുദ്ധ്യമാണ് സംശയിക്കാനിടയാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, യുവതിയും കൂട്ടരും അന്നേ ദിവസം ഓവുചാലിന് സമീപം പോയിരുന്നതായി കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കൊല നടന്ന ദിവസം രാത്രി യുവതി അച്ഛനും അമ്മയ്ക്കും ചായയില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി. ശേഷം കാമുകനെയും മറ്റു രണ്ട് സുഹൃത്തുക്കളെയും വീട്ടില്‍ വിളിച്ചു വരുത്തി ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും ശരീരങ്ങള്‍ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഓവു ചാലില്‍ തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാമുകനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.