സ്വത്ത് കൈക്കലാക്കിയ ശേഷം മകള്‍ അമ്മയോട് ചെയ്തത്‌

ഇടുക്കി: പെറ്റമ്മയോട് മക്കളുടെ കാരുണ്യമില്ലാത്ത പ്രവൃത്തി. സ്വത്ത് തട്ടിയെടുത്ത ശേഷം മകള്‍ വീട്ടില്‍ നിന്നും അമ്മയെ പുറത്താക്കി. മുഴുവന്‍ സ്വത്തും നഷ്ടപ്പെട്ട അമ്മയെ സ്വീകരിക്കാന്‍ മറ്റു മക്കളും തയ്യാറായില്ല. ഇതോടെ ആറ് മക്കളുള്ള അമ്മ പെരുവഴിയിലായി. ഇടുക്കി ഇരട്ടയാള്‍ സ്വദേശിയായ മേരിയെന്ന വൃദ്ധയ്ക്കാണ് പ്രായമായപ്പോള്‍ ആറ് മക്കള്‍ ഉണ്ടായിട്ടും തെരുവില്‍ കഴിയേണ്ടി വരുന്നത്.

സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്കും തുല്യമായി വീതിച്ചു കൊടുത്തു. ഒടുവിലായി 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം സ്വന്തം പേരിലാക്കി. മരണ ശേഷം ഈ സ്ഥലവും വീടും മക്കള്‍ക്ക് കൊടുക്കാന്‍ തന്നെയായിരുന്നു മേരിയുടെ തീരുമാനം. ഇങ്ങനെയിരിക്കെ പെണ്‍ മക്കളില്‍ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപ്പേപ്പറില്‍ മേരിയെക്കൊണ്ട് ഒപ്പിടീപ്പിച്ച് വാങ്ങി.

Loading...

എന്നാല്‍ ഇത് സ്ഥലവും വീടും തട്ടിയെടുക്കാനായിരുന്നെന്ന് മേരിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയത് വീടും സ്ഥലവും തട്ടിയെടുക്കാനായിരുന്നെന്ന് മനസിലായത്. തുടര്‍ന്ന് ഇക്കാര്യം മേരി ചോദ്യം ചെയ്തു. എന്നാല്‍ മകള്‍ സാലി മേരിയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. തൊട്ടടുത്തായി മറ്റു മക്കള്‍ ഉണ്ടെങ്കിലും മൂത്ത മകള്‍ക്ക് സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയില്‍ അവരും അമ്മയെ കയ്യൊഴിഞ്ഞു. ഇതേതുടര്‍ന്ന് നീതിക്കായി കലക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരിക്കുകയാണ് മേരി.