ആസ്തയ്ക്ക് പിന്നാലെ മറ്റൊരു യുവതിയും, അമ്മയ്ക്കായി വരനെ തേടുന്ന മക്കള്‍

അമ്മയ്ക്ക് വരനെ തേടിയുള്ള ആസ്ത എന്ന യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. വരനു വേണ്ട യോഗ്യതകള്‍ ഉള്‍പ്പെടെയായിരുന്നു കുറിപ്പ്. അതിന് പിന്നാലെ പ്രചോദനം ഉള്‍ക്കൊണ്ട് മറ്റൊരു പെണ്‍കുട്ടി കൂടി അമ്മയ്ക്കായി വരനെ അന്വേഷിക്കുകയാണ്. ആസ്തയുടെ പ്രവൃത്തി ഹൃദയങ്ങള്‍ കീഴടക്കിയതിനൊപ്പം നിരവധി അമ്മമാര്‍ക്കും മക്കള്‍ക്കും പ്രചോദനേകുകയാണ്.

ട്വിറ്റര്‍ ഉപയോക്താവായ മോഹിനി വിജ് ആണ് അമ്മയുടെ വിവാഹ പരസ്യം ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത് നല്‍കിയത്. തന്റെ 56 വയസ്സുള്ള അമ്മയ്ക്ക് അനുയോജ്യനായ വരന്‍ വേണമെന്നതിനൊപ്പം നല്ലൊരു പിതാവിനെ കൂടി വേണമെന്നാണ് മോഹിനി വിജ് ആവശ്യപ്പെടുന്നത്.

Loading...

ആസ്ത വര്‍മ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയ്ക്ക് വേണ്ടിയുള്ള വരനെ തേടല്ലെന്ന് മോഹിനി ട്വീറ്റില്‍ വ്യക്തമാക്കി. ’56 വയസ്സുള്ള അമ്മയ്ക്ക് വേണ്ടി ഒരു ശ്രമം നടത്തുകയാണ്. 55 മുതല്‍ 60 വരെ പ്രായമുള്ള വെജിറ്റേറ്റിയന്‍, പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹിക്കാന്‍ മനസ്സുള്ള ജീവിതപങ്കാളിയെ തേടുന്ന, സ്നേഹിക്കുന്ന മക്കളെ തേടുന്ന പിതാവിനെ വേണം’, മോഹിനി കുറിച്ചു.

മകളുടെ ഈ വിവാഹ അന്വേഷണം എന്തായാലും ട്വിറ്റര്‍ ഏറ്റുപിടിച്ചു. നിരവധി പേര്‍ അനുഗ്രഹങ്ങളും, വരന്റെ വിവരങ്ങളുമായി മറുപടിയും നല്‍കി. സാക്ഷാല്‍ ആസ്ത വര്‍മ്മ തന്റെ ഈ വിവരം റിട്വീറ്റ് ചെയ്തു. പ്രായം നോക്കാതെ എല്ലാ വ്യക്തികള്‍ക്കും പങ്കാളികളെ തേടാന്‍ അവകാശമുണ്ട്, നിങ്ങളുടെ അമ്മയ്ക്കും സന്തോഷം ലഭിക്കട്ടെ, ആസ്ത കുറിച്ചു.

അമ്മയുടെ വരനു വേണ്ട ഗുണങ്ങളെക്കുറിച്ച് ആസ്ത കുറിച്ചതിങ്ങനെ :

” 50 വയസ്സുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു. വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്, നല്ല നിലയില്‍ ജീവിക്കുന്ന ആളാകണം”. പോസ്റ്റ് ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആളുകള്‍ അതേറ്റെടുത്തു. അമ്മയെയും മകളെയും അഭിനന്ദനമറിയിച്ച പലരും മകളുടെ ട്വീറ്റ് റി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിലരൊക്കെ ഒരുപടി കൂടി കടന്ന് മകള്‍ പറഞ്ഞ ഗുണഗണങ്ങള്‍ തികഞ്ഞ പുരുഷന്മാരുടെ പേര് ടാഗ് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 31 ന് രാത്രിയില്‍ പങ്കുവയ്ക്കപ്പെട്ട ട്വീറ്റിന് അയ്യായിരത്തിലധികം പ്രതികരണങ്ങളും അമ്പതിനായിരത്തിലധികം റീ ട്വീറ്റുകളും ഇരുപത്തേഴായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. മക്കള്‍ക്ക് കല്യാണമാലോചിക്കുന്ന നിരവധി അമ്മമാരെ കണ്ടിട്ടുണ്ടെന്നും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി അമ്മയ്ക്ക് കല്യാണമാലോചിക്കുന്ന ഈ മകളെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പലരും ഈ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്