ദേവീന്ദര്‍ സിംഗിനെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിന്ന് അറസ്റ്റിലായ ദേവീന്ദര്‍ സിംഗിനെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. അതേസമയം ജമ്മുകാശ്മീരിലെ ചെറിയ സംഭവങ്ങളില്‍ പോലും വലിയ പ്രതികരണം നടത്താറുള്ള ബിജെപി ഇതുവരെ ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റില്‍ പ്രതികരിച്ചിട്ടില്ല. ഇത് വലിയ ദുരൂഹതയാണ് സൃഷ്ടിക്കുന്നത്. കേസ് എന്‍ഐഎ ഏറ്റെടുത്തത് കേന്ദ്രത്തിന്റെ മുഖം രക്ഷിക്കാനാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഗുരുതര ആരോപണങ്ങൾക്ക്‌ വിധേയനായ ദവീന്ദറിന്‌ തന്ത്രപ്രധാനമായ ശ്രീനഗർ വിമാനത്താവളത്തിൽ നിയമനം ലഭിച്ചത്‌ എങ്ങനെയെന്ന ചോദ്യത്തിന് ബിജെപിക്ക് ഉത്തരമില്ല. പുൽവാമ ഭീകരാക്രമണത്തിൽ ദവീന്ദറിന്‌ പങ്കുണ്ടെന്നും ആരോപണം ഉയർന്നു.

Loading...

2018ൽ ജമ്മു കശ്‌മീർ രാഷ്ട്രപതിഭരണത്തിൽ ഇരിക്കവെയാണ്‌ ഇയാൾക്ക്‌ പൊലീസ് മെഡൽ ലഭിച്ചത്.
പാർലമെന്റ്‌ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അഫ്‌സൽ ഗുരു, ഭീകരർക്ക്‌ സഹായം നൽകാൻ നിർദേശിച്ചത്‌ ദവീന്ദറാണെന്ന്‌ കത്തെഴുതി. അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിച്ചില്ല.

ജമ്മു കശ്‌മീരിൽ എത്തിയ വിദേശ നയതന്ത്രജ്ഞർക്ക്‌ ‌ അകമ്പടി സന്നാഹം ‌ഒരുക്കിയത്‌ ദവീന്ദറിന്റെ നേതൃത്വത്തിലാണ്‌. ഭീകരർ ശ്രീനഗറിൽ കരസേന കന്റോൺമെന്റ്‌ മേഖലയിലുള്ള ദവീന്ദറിന്റെ വസതിയിലാണ്‌ തങ്ങിയത്‌. അതീവ സുരക്ഷാമേഖലയായ ഇവിടെ ഭീകരർ പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിൽ താമസിച്ചുവെന്നത്‌ ഗുരുതരമാണ്‌.

ഇന്റലിജൻസ്‌ ബ്യൂറോയും ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും പ്രതികരിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. 11നാണ് ഭീകരര്‍ക്കൊപ്പം ‌ ദവീന്ദർ പിടിയിലായത്.

അതേസമയം നേരത്തെ തന്നെ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിന്‍വലിച്ചിരുന്നു. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ലെഫ്‍ന്‍റ് ഗവർണർ ഉത്തരവ് പുറത്തിറക്കി. സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചത്.

ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്‍റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച ഹിസ്ബുൽ ഭീകരർക്കൊപ്പം ഡൽഹിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്‍റലിജൻസ് വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തീവ്രവാദികളെ ഡൽഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് പണം വാങ്ങിച്ചത്.