ദാവൂദ് ഇബ്രാഹിം ബന്ധത്തിന്റെ പേരിൽ കേരള പൊലീസ് തിരയുന്ന കുറ്റവാളികള്‍ പിടിയില്‍

കൊൽക്കത്ത: കൊൽക്കത്തയിൽ ശനിയാഴ്ച വൈകുന്നേരം കൊൽക്കത്ത പൊലീസ് പിടികൂടിയ രണ്ടു പേരും കേരള പൊലീസ് തിരയുന്ന കുറ്റവാളികളെന്നു സംശയം. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരിൽ പൊലീസ് അന്വേഷിച്ചിരുന്ന രണ്ടു പേരാണ് കൊൽക്കത്ത പൊലീസിന്റെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലുള്ളതെന്നാണ് സൂചന. കൊൽക്കത്തയിലെ ഹൗറ പാലത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കൊൽക്കത്ത സിറ്റി പൊലീസിലെ ഗുണ്ടാ വിരുദ്ധ വിഭാഗം ഇന്നലെ വൈകുന്നേരത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായാണ് വിവരം. പിടിയിലായവരിൽ ഒരാൾ അബുബക്കർ സിദ്ധിഖി ആണെന്നാണ് സൂചന. രണ്ടാമത്തെയാളുടെ പേര് വെളിവായിട്ടില്ല. മറ്റു വിശദാംശങ്ങളും രണ്ടു പേരെക്കുറിച്ചും പൊലീസ് പുറത്തുവിട്ടിട്ടില്ല.

രണ്ടു സെവൻ എംഎം പിസ്റ്റളുകളും മലയാളത്തിലുള്ള ഏതാനും രേഖകളും ഇവരിൽ നിന്ന് ലഭിച്ചതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. കൊൽക്കത്ത പൊലീസിലെ പ്രത്യേക ദൗത്യസേന ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരിൽ കേരളാ പൊലീസ് തിരയുന്ന കുറ്റവാളികളാണ് പിടിയിലായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചനയെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.

Loading...