നിഗൂഢ ഐതിഹാസികതകളാൽ സമ്പന്നമായ ഒരു കുറ്റവാളിയുടെ ജീവിതം : ഛോട്ടാ രാജൻ

മുംബൈ: മുംബൈയിലെ ശങ്കർ തിയറ്ററിന് മുന്നിൽ സിനിമാ ടിക്കറ്റ് മറിച്ചുവിൽക്കുന്ന പയ്യനിൽനിന്ന്, അന്താരാഷ്ട്ര വേരുള്ള അധോലോക സമ്രാട്ടായി മാറിയ ഛോട്ടാ രാജെൻറ ജീവിതം അവിശ്വസനീയതകൾ നിറഞ്ഞതാണ്. 1960ൽ മുംബൈയിലെ ചെമ്പൂരിലാണ് രാജേന്ദ്ര സദാശിവ് നികൽജി എന്ന ഛോട്ടാ രാജൻ ജനിച്ചത്. രാജൻ നായർ എന്ന ‘ബഡാരാജ’നൊപ്പം കൗമാരത്തിൽ കള്ളവാറ്റും ബ്ലാക് ടിക്കറ്റ് വിൽപനയും നടത്തിയാണ് അധോലോകയാത്ര ആരംഭിക്കുന്നത്.

ഹൈദരാബാദുകാരനായ യാദഗിരി എന്നയാൾ ‘ബഡാരാജ’നോടൊപ്പം ചേരുന്നതോടെ രാജനും അധോലോകത്തിെൻറ കണ്ണിയായി. കള്ളനോട്ടുകാരെ സംരക്ഷിച്ചും ഭൂമി, സാമ്പത്തിക തർക്കങ്ങളിൽ തീർപ്പ് പറഞ്ഞുമായിരുന്നു രാജൻ സംഘത്തിെൻറ പ്രവർത്തനം. തമിഴ് അധോലോക നേതാവ് വരദരാജൻ മുതലിയാരുമായി ചേർന്നതോടെ ഇവർ കള്ളക്കടത്തിെൻറ ലോകത്തേക്ക് പ്രവേശിച്ചു. 1983ൽ ബഡാരാജൻ കൊല്ലപ്പെട്ടതോടെ ഛോട്ടാ രാജൻ എന്ന സ്​ഥാനനാമം സ്വീകരിച്ച് ഗാങ് ലീഡറായി. ഈസമയത്താണ് അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമുമായും അദ്ദേഹത്തിെൻറ ‘ഡി’ കമ്പനിയുമായും ബന്ധപ്പെടുന്നത്. ഡി കമ്പനിയിലെ ദാവൂദിെൻറ അടുത്തയാളായ അരുൺ ഗൗളിയുടെ സഹോദരൻ പപാ ഗൗളി വധിക്കപ്പെടുന്നതോടെ രാജനും ഗൗളിയും തമ്മിൽ പ്രശ്നമാരംഭിച്ചു. 1989ൽ ദാവൂദിെൻറ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രാജൻ ദുബൈയിലേക്ക് കടന്നു. പിന്നീട് ദാവൂദ് ഇബ്രാഹീമിെൻറ വലങ്കൈയായാണ് ഛോട്ടാ രാജൻ അറിയപ്പെട്ടത്. അതിനുശേഷം രാജൻ ഇന്ത്യയിലേക്ക് തിരിച്ചുവന്നിട്ടില്ല.
ദാവൂദിനെ ‘ബഡാ ഭായി’ ആയി കണ്ടിരുന്ന രാജൻ 1993ലെ മുബൈ സ്​ഫോടന പരമ്പരകളെ തുടർന്നാണ് ദാവൂദുമായി വേർപിരിഞ്ഞത്. ‘ദേശസ്​നേഹ പ്രചോദിത’നായാണ് വഴിപിരിഞ്ഞതെന്നാണ് രാജൻ അവകാശപ്പെട്ടത്. മുബൈ സ്​ഫോടനത്തിെൻറ പിന്നിൽ പ്രവർത്തിച്ചവരെന്ന് ആരോപിച്ച് ദാവൂദിെൻറ ചില കൂട്ടാളികളെ രാജൻ കൊല്ലുകയും ചെയ്തു.
യഥാർഥത്തിൽ അന്തർദേശീയ തലത്തിലുള്ള മയക്കുമരുന്ന് കള്ളക്കടത്ത് മത്സരമാണ് രണ്ടുപേരെയും തെറ്റിച്ചത്. മുംബൈയിലെ മയക്കുമരുന്ന് സിൻഡിക്കേറ്റ്, സിനിമാ വ്യവസായം, രത്നക്കല്ല് കടത്ത് എന്നിവയിൽനിന്ന് ദാവൂദിന് ലഭിച്ചിരുന്ന വൻ വരുമാനം രാജൻ കൈയടക്കിയിരുന്നു. ഇതോടെ രാജനും ദാവൂദും കടുത്ത ശത്രുക്കളായി. ഇരുവിഭാഗവും പലയിടത്തും ഏറ്റുമുട്ടി. ഇതിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടു.
തായ്ലൻഡ് സുരക്ഷിത സ്​ഥാനമായി മനസ്സിലാക്കിയ രാജൻ തെൻറ കൂട്ടാളികളോടൊപ്പം ബാങ്കോക്കിലാണ് കഴിഞ്ഞിരുന്നത്. കുപ്രസിദ്ധ കുറ്റവാളി ചാൾസ്​ ശോഭരാജിനെ കൈമാറാൻ തായ്ലൻഡ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ വിട്ടുനൽകിയിരുന്നില്ല. അതിനാൽ, തന്നെ കൈമാറാൻ തായ്ലൻഡ് സന്നദ്ധമാവില്ലെന്ന് തിരിച്ചറിഞ്ഞതാണ് രാജൻ ബാങ്കോക്ക് താവളമാക്കിയത്. 2000 സെപ്റ്റംബറിൽ ഛോട്ടാ രാജൻ തായ്ലൻഡിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട് വന്നു. അന്ന് ബാങ്കോക്കിൽ തെൻറ കൂട്ടാളിയായ രോഹിത് വർമയുടെ അപ്പാർട്ട്മെൻറിൽ കഴിയവെ ഛോട്ടാ രാജന് വെടിയേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ വർമ, ഭാര്യ സരിത, രണ്ടു വയസ്സുള്ള മകൾ, രാജെൻറ അംഗരക്ഷകർ തുടങ്ങി അപ്പാർട്ട്മെൻറിലുണ്ടായിരുന്ന മിക്കവരും കൊല്ലപ്പെട്ടു. എന്നാൽ, രാജൻ കെട്ടിടത്തിെൻറ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ രാജനെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സിച്ചു. അപകടനില തരണം ചെയ്ത രാജനെ കുടുംബാംഗങ്ങൾ പ്രത്യേക വിമാനത്തിൽ മലേഷ്യയിലേക്ക് മാറ്റുകയായിരുന്നു. ദാവൂദ് ഇബ്രാഹീമിെൻറ കൂട്ടാളിയായ ഛോട്ടാ ഷക്കീൽ ഏർപ്പാടാക്കിയ വാടകക്കൊലയാളികളാണ് അന്ന് ആക്രമണം നടത്തിയത്. തുടർന്നും ദാവൂദിെൻറ കൂട്ടാളികളുടെ ആക്രമണം ഉണ്ടാകുമെന്ന ഭയമാണ് മലേഷ്യയിലേക്ക് താവളം മാറാൻ കാരണം.
ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിൽ ചിലർ രാജനെ സഹായിച്ചതായും പറയപ്പെട്ടു. പിന്നീട് ദീർഘകാലം മലേഷ്യയിൽ ഒളിവിൽ കഴിഞ്ഞാണ് രാജൻ മുംബൈയിലെ തെൻറ അധോലോക സാമ്രാജ്യത്തിന് നേതൃത്വം നൽകിയത്.
ദാവൂദിനോട് പകരംവീട്ടാൻ രാജൻ നിരവധി ആക്രമണം നടത്തി. ദാവൂദിെൻറ കൂട്ടാളികളായ വിനോദ് ഷെട്ടിയും സുനിൽ സോയനും രാജൻ ടീമിനാലാണ് കൊല്ലപ്പെട്ടത്. 2003ൽ ബാങ്കോക്ക് ആക്രമണത്തിെൻറ പ്രതികാരമായി രാജൻ ദാവൂദിെൻറ വലങ്കൈയായ ശരത് ഷെട്ടിയെ കൊലപ്പെടുത്തി. ഇതോടെ രാജന് അധോലോകത്ത് ശക്തി വർധിച്ചു. പിന്നീട് ചൈനയിൽനിന്നും ഇന്തോനേഷ്യയിൽനിന്നും കള്ളനോട്ടടിച്ച് സിങ്കപ്പൂരിൽ എത്തിച്ചുനൽകുന്ന വൻ ‘കച്ചവടം’ ആരംഭിച്ചു.
ക്രിക്കറ്റ് മത്സരങ്ങളിൽ കോഴ വാങ്ങുന്നതിനും കൊടുക്കുന്നതിനും ഇടനിലക്കാരനായി രാജൻ ഗാങ് പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തലുണ്ടായി. നിരവധി ബോളിവുഡ് സിനിമകളുടെ നിർമാണത്തിലും ഛോട്ടാ രാജൻ പങ്കാളിയായതായും പറയുന്നു. സിനിമ, ക്രിക്കറ്റ്് മേഖലയിലെ പ്രമുഖരുമായി രാജന് അടുത്ത ബന്ധമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ പിടിയിലായതോടെ നിഗൂഢ ഐതിഹാസികതകളാൽ സമ്പന്നമായ ഒരു കുറ്റവാളിയുടെ ജീവിതംകൂടിയാണ് അഴിക്കുള്ളിലാകുന്നത്. മൂന്നു പെൺകുട്ടികളാണ് ഇദ്ദേഹത്തിനുള്ളത്.