കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിനുള്ളിൽ നിന്നു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിലെ എം.ടെക്. രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്യാൻ പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം കാമ്പസിനുള്ളിലെ കാട്ടിൽനിന്നും കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ദുർഗന്ധത്തെ തുടർന്ന് യൂണിവേഴ്സിറ്റി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Loading...

ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണുള്ളത്. മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗിൽനിന്ന് ഐഡി കാർഡും പുസ്തകങ്ങളും മൊബൈൽ ഫോണും കിട്ടി. ഇതിൽനിന്നാണ് മൃതദേഹം ശ്യാനിൻറേതാണെന്ന് സ്ഥിരീകരിച്ചത്.

കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് വിദ്യാർഥിയെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോൺ ലൊക്കേഷൻ കാണിച്ചിരുന്നത്.

ശ്യാൻ കാമ്പസിലെത്തിയതിൻറെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

കോഴിക്കോട് വടകര സ്വദേശിയായ ശ്യാൻ രണ്ടു വർഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫ്ലാറ്റിൽ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയിൽ പോകുന്നു എന്നു പറഞ്ഞാണ് ശ്യാൻ ഫ്ളാറ്റിൽ നിന്നും ഇറങ്ങിയത്.

രാത്രി ഏറെ വൈകിയും ശ്യാൻ വീട്ടിൽ എത്തുകയോ ഫോണിൽ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.