രാജേഷിന്‍റെ മൃതദേഹം ശ്‍മശാനത്തില്‍ ദഹിപ്പിക്കില്ല , വീട്ടുവളപ്പില്‍ അടക്കം ചെയ്യും

കോഴിക്കോട്: ഓട്ടോ ഡ്രൈവർ രാജേഷിന്‍റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്‍മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കുടുംബം പിന്മാറി. മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യാനാണ് കുടുംബത്തിന്‍റെ തീരുമാനം. പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കുടുംബം പറഞ്ഞു.

മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യാനും സാധ്യതയുണ്ടെന്നും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും കുടുംബം പറഞ്ഞു. എലത്തൂരിൽ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.