25 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം വിഫലമായി, കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

കൊല്ലം: മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മുട്ടക്കാവ് സ്വദേശി സുധീറാണ് കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ അപകടത്തില്‍പ്പെട്ടത്.

റിംഗ് ഇറക്കുന്നതിനിടെ അപകടസാദ്ധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് പെട്ടെന്ന് മുകളിലേക്ക് കയറുന്നതിനിടയിലാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. പിന്നാലെ മണ്ണ് താഴേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

Loading...

രാത്രിയില്‍ കനത്ത മഴയായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച്‌ കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഇത് ഫലം കാണാതായതോടെ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തി.

അറുപത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റിലാണ് സുധീര്‍ അകപ്പെട്ടത്. 35 അടിയോളം മണ്ണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നീക്കിയിരുന്നു.