ഓസീസ് മുൻ താരം ഡീൻ ജോൺസ് അന്തരിച്ചു

മുംബൈ: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും പ്രമുഖ കമൻറേറ്ററുമായ ഡീൻ ജോൺസ്(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ കമന്റേറ്റർമാരുടെ സംഘത്തിൽ അംഗമായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബ്ൾ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കഴിയുമ്പോഴാണ് അന്ത്യം. ക്രിക്കറ്റ് കമന്റേറ്ററെന്ന നിലയിൽ ഇന്ത്യൻ ആരാധകർക്കും സുപരിചിതനാണ്. ഉച്ചക്കുശേഷം കടുത്ത ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നുവെന്ന് സ്റ്റാർ സ്പോർട്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.  തുടർ നടപടികൾക്കായി ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

Loading...

ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതൽ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. ‘പ്രഫസർ ഡീനോ’ എന്ന പേരിൽ ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രശസ്തനായ ഡീൻ ജോൺസ്, ഏകദിനത്തിൽ ആക്രമണം മുഖമുദ്രയാക്കിയ ബാറ്റിങ് ശൈലിയിലൂടെ കയ്യടി നേടി. 245 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 51.85 ശരാശരിയിൽ 19,188 റൺസ് നേടി. ഇതിൽ 55 സെഞ്ചുറികളും 88 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കമൻററിയിലേക്ക് തിരിഞ്ഞ ജോൺസ് ഈ രംഗത്തും ശ്രദ്ധേയനായി. ഐപിഎല്ലിൽ ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ ജോൺസ് തൻറെ അഭിപ്രായം പങ്കുവെച്ചിരുന്നു. കൊൽക്കത്ത ടീമിൽ ഓയിൻ മോർഗനെ ഉൾപ്പെടുത്തിയത് നന്നായെന്നും ക്യാപ്റ്റൻർ ദിനേശ് കാർത്തിക്കിനെ സഹായിക്കാൻ അദ്ദേഹത്തിനാവുമെന്നും ജോൺസ് അഭിപ്രായപ്പെട്ടിരുന്നു