പ്രവാചക നിന്ദ; നൂപുർ ശർമയുടെ കുടുംബത്തിന് വധഭീഷണി, കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: പ്രവാചക നിന്ദാ വിവാദം പുകയുകയാണ്. ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ഇന്ത്യയ്ക്കെതിരെ പ്രതിഷേധവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വർ​ഗീയ പരാമർശം നടത്തിയ നൂപുർ ശർമയുടെ കുടുംബത്തിന് നേരെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നൂപുർ ശർമ രം​ഗത്ത് എത്തി. കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ പറഞ്ഞു. പരാതിയെ തുടർന്ന് ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുർ ശർമ ട്വിറ്ററിൽ ക്ഷമാപണം നടത്തിയിരുന്നു.

അതേസമയം, വിവാദത്തിന് പിന്നാലെ നൂപുർ ശർമയെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ(ഒ.ഐ.സി) നടത്തിയ പ്രസ്താവന കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ വിമർശനമുന്നയിച്ചത്.

Loading...