ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാന്‍ എന്ത് ചെയ്യാനാ ; പാവം ഡുണ്ടു മോള്‍” ; ദീപാ നിശാന്തിനെ പരിഹസിച്ച് ജൂഡ് ആന്റണി

കൊച്ചി : കവിതാ കോപ്പിയടി വിവാദത്തില്‍ ദീപ നിശാന്തിനെ തേച്ചൊട്ടിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യുവ കവി എസ്. കലേഷിന്റെ കവിത പേര് മാറ്റി സ്വന്തം പേരില്‍ മാസികയില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ദീപയെ പരോക്ഷമായി സൂചിപ്പിച്ചാണ് ജൂഡിന്‍റെ വിമര്‍ശനം.

രസകരമായ കഥ പറഞ്ഞുകൊണ്ടുള്ള ജ്യൂഡിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ജ്യൂഡിന്റെ രസകരമായ ആ കുറിപ്പ് ഇങ്ങനെ

“ഒരു ദിവസം ഡുണ്ടുമോള്‍ ക്ലാസ്സില്‍ ഒരു കിടിലന്‍ റബര്‍ കൊണ്ടുവന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലര്‍ പറഞ്ഞു ഇത് പിക്കുവിന്റെ റബര്‍ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോള്‍ പറഞ്ഞു ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബര്‍ വാങ്ങിയത് കടക്കാരന്‍ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോള്‍ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാന്‍ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോള്‍”. ജൂഡ് കുറിക്കുന്നു.

മുന്‍പ് മമ്മൂട്ടി ചിത്രം കസബയെകുറിച്ച് നടി പാര്‍വതി മ്പടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍വതിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച ജൂഡിനെതിരേ ദീപ രംഗത്ത് വന്നിരുന്നു.

സര്‍ക്കസ് കൂടാരത്തിലെത്തിയ കുരങ്ങ് അഭ്യാസിയായി അറിയപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കസ് മുതലാളിമാരെ തെറിപറയുന്നുവെന്നായിരുന്നു ജൂഡിന്റെ പരിഹാസം.

സംഭവത്തില്‍ ജൂഡിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ദീപയുടെ പ്രതികരണം. കൊച്ചി മേയര്‍ സൌമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ജൂഡിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കൂടി പങ്കുവച്ച്‌കൊണ്ടാണ് ദീപ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

”ജൂഡ് സ്ത്രീവിരുദ്ധനല്ല ! സംവരണവിരുദ്ധന്‍ തീരെയല്ല! കാട്ടില്‍ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന ‘മൃഗശിക്ഷകനാണ്’ ആ മഹാനായ മനുഷ്യന്‍!” ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിന് പുറകെയാണ് കോപ്പിയടി വിവാദത്തില്‍ ദീപയ്‌ക്കെതിരേ പരോക്ഷ പരിഹാസവുമായി ജൂഡ് രംഗത്ത് വരുന്നത്.