വിപ്ളവകരമായ ചരിത്ര വിധികൾ സമ്മാനിച്ച് പരമോന്നത നീതി ന്യായ പീഠത്തിന്റെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര  പടിയിറങ്ങി

ഇന്ത്യന്‍ ജനാധിപത്യത്തിനും നീതി ന്യായത്തിനും ചില പാഠങ്ങള്‍ നല്‍കി ഇന്ത്യയുടെ പരമോന്നത നീതിന്യായ പീഠത്തിന്റെ ന്യായാധിപൻ  ജന്മദിന തലേന്ന്  പടിയിറങ്ങി. ഇന്ത്യയുടെ 45-മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ദീപക് മിശ്ര പാട്ന, ഡൽഹി ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സുപ്രീം കോടതിയിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനാലാപനം നിർബന്ധമാക്കിയും നിർഭയ കേസിലെ പ്രതികൾക്കും മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനും വധശിക്ഷ നൽകിയുമുള്ള ഉത്തരവുകളിലൂടെ ജനശ്രദ്ധ നേടി.സുപ്രീം കോടതിയുടെ 44-ആമത് ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. ഖേഹാർ സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് മുതിർന്ന ജഡ്ജിയായ ദീപക് മിശ്രയെ പരിഗണിക്കുകയായിരുന്നു.report by/ഡോ.ജോൺസൺ വി. ഇടിക്കുള.

ഇന്ത്യയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ ഒഡീഷക്കാരനാണ് ദീപക് മിശ്ര. ഇതിനുമുമ്പ് ഒഡീഷയിൽ നിന്നും രംഗനാഥ് മിശ്ര, ജി.ബി. പട്നായിക് എന്നിവർ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നു.രംഗനാഥ് മിശ്രയുടെ അനന്തരവൻ കൂടിയാണ് ദീപക് മിശ്ര.ആധാർ, വിവാഹേതര ലൈംഗികബന്ധം,ശബരിമല സ്ത്രീപ്രവേശനം, കോടതിയുടെ തത്സമയ സംപ്രേഷണം തുടങ്ങിയ ചരിത്രവിധികൾക്കുശേഷമാണു മിശ്ര സ്ഥാനമൊഴിയുന്നത്. ഒക്ടോബർ 3ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും.

ചീഫ് ജസ്റ്റിസിനാണ് കേസുകള്‍ ബെഞ്ചുകള്‍ക്ക് വീതിച്ചുനല്‍കാനുളള അധികാരമെന്ന് താന്‍ കൂടി അംഗമായ ബെഞ്ചിലിരുന്ന് വിധി പറയാനും ദീപക് മിശ്ര മടിച്ചില്ല. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ചീഫ് ജസ്റ്റിസാണെന്ന് ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കി.ഇതിന്റെ പേരില്‍ ഒട്ടേറെ തവണ സഹജഡ്ജിമാരുമായി കലഹിച്ചു.
ജുഡിഷ്യറിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കര്‍ണനെ സുപ്രീംകോടതിയില്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയതും ആറുമാസം ശിക്ഷിച്ച് ജയിലിലിട്ടതും ദീപക് മിശ്ര അധ്യക്ഷനായ വിശാല ബെഞ്ചാണ്.ദീപക് മിശ്ര ചരിത്രത്തിലിടം പിടിക്കുന്നത് വിവാദങ്ങൾക്കും വ്യത്യസ്തതകൾ കൊണ്ടും സമ്പന്നമായ അദ്ദേഹത്തിന്റെ ചരിത്രവിധികളിലൂടെയാണ്.

 

Top