ആയുധങ്ങള്‍ വാങ്ങാന്‍ 16000 കോടി, മുന്‍ഗണന അതിര്‍ത്തി സേനയ്ക്ക്

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടി രൂപയുടെ അപേക്ഷ പ്രതിരോധമന്ത്രാലയം അംഗീകരിച്ചു. 8 ലക്ഷത്തോളം റൈഫിളുകളും 16,500 ലൈറ്റ് മെഷീന്‍ ഗണ്ണുകളും (എല്‍എംജി) പട്ടികയില്‍ ഉള്‍പ്പെടും. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ (ഡിഎസി) യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.

പുതിയ ആയുധങ്ങള്‍ നല്‍കുന്നതില്‍ അതിര്‍ത്തിയിലുള്ള സൈന്യത്തിന് മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇനി ഔദ്യോഗികമായി ടെന്‍ഡര്‍ സ്വീകരിച്ച് ആയുധങ്ങള്‍ വാങ്ങാം. വാങ്ങുന്ന ആയുധങ്ങള്‍ പരീക്ഷിച്ച് സേനയില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് ഏതാനും വര്‍ഷങ്ങളെടുക്കും. അതേസമയം, 16,500 എല്‍എംജികള്‍ വാങ്ങുന്നത് ഫാസ്ട്രാക് അടിസ്ഥാനത്തില്‍ വാങ്ങാനും ഡിഎസി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് ആഗോള വിപണിയില്‍ 1,819 കോടി രൂപയാകും. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ സേനയ്ക്കു ലഭ്യമാക്കാനാണ് തീരുമാനം.സൈനിക, നാവിക, വ്യോമ സേനകള്‍ക്ക് 43,732 പുതിയ എല്‍എംജികളാണ് ആവശ്യം. ആദ്യഘട്ടത്തില്‍ പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സേനയ്ക്കുവേണ്ടിയാണ് 16,500 എല്‍എംജികള്‍ വാങ്ങുന്നത്.