റഫാലിൽ കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയിൽ

ന്യൂഡെൽഹി: റഫാൽ പുനപരിശോധനാ ഹർജികളിൽ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് മറുപടി സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതിയുടെ അനുമതി. കേസിൽ ചില വിശദീകരണങ്ങൾ നൽകാനുണ്ടെന്ന് ഇന്ന് ചീഫ് ജസ്റ്റിസിന്‍റെ കോടതിയിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ ആവശ്യപ്പെടുകയായിരുന്നു.

പുനഃപരിശോധന ഹര്‍ജികളിൽ നാളെ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണനും യശ് വന്ദ് സിംഗ്, അരുണ്‍ ഷൂരിയും കോടതിയിൽ നൽകിയതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അറ്റോര്‍ണൽ ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറൽ തിരുത്തി.

കോടതിക്ക് മുമ്പിലെത്തുന്ന രേഖകൾ അടിസ്ഥാനമുള്ളതാണെങ്കിൽ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി മറുപടി നൽകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാകും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.