‍ഡൽഹി എയിംസില്‍ 195 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഡൽഹി: ഡൽഹി എയിംസില്‍ ഇതുവരെ 195 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ ഡൽഹി എയിംസില്‍ കൊവിഡ് സ്ഥിരീകരിച്ചത് 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ, ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവര്‍ക്കാണിത്. ഡൽഹി സ‍ർക്കാരിന്‍റെ കണക്കുകൾ പ്രകാരം മാർച്ച് 14 മുതൽ മെയ് ഒമ്പത് വരെ 68 മരണങ്ങളാണ് സംഭവിച്ചത്. രണ്ടാഴ്ചയിൽ രാജ്യതലസ്ഥാനത്തെ മരണസംഖ്യയിൽ വലിയ വർദ്ധനവാണ് ദൃശ്യമായത്.

കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 30 മരണങ്ങൾ സംഭവിച്ചു. ചൊവ്വാഴ്ച വരെ 288 മരണങ്ങളാണ് സർക്കാർ നല്‍കുന്ന കണക്ക്. എന്നാൽ മെയ് ഒമ്പതിന് ശേഷം മരണ സംഖ്യയിലുണ്ടായത് വലിയ ഉയർച്ചയാണ്. ഇരുപത് ദിവസത്തിൽ 220 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 176 ആശുപത്രികളുളള ഡൽഹിയില്‍ 39,455 കിടക്കകളും ഏതാണ്ട് നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രികളും 80 ശതമാനം നിറഞ്ഞു കഴിഞ്ഞു.

Loading...

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. രോഗികളുടെ എണ്ണം 1,58,333 ആയി. ഇതുവരെ 4337 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, പ്രതിദിന രോഗബാധ നിരക്കില്‍ നേരിയ കുറവുണ്ട്. ഇന്നലെ മാത്രം 6566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 194 പേർ വൈറസ് ബാധിച്ച് മരിച്ചു. നിലവില്‍ 86110 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 67691 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്.