പൗരത്വ ഭേദഗതി നിയമത്തില്‍ ഡല്‍ഹി പുകയുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനത്ത് പ്രതിഷേധത്തിനായി ഒത്തുചേര്‍ന്നു. ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലകളിലെ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി പ്രതിഷേധം. അനുമതിയില്ലാതെ പോലീസ് ജാമിയ ക്യാമ്ബസിനുള്ളില്‍ കയറിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണം.

ജാമിയ കാംപസിനുള്ളില്‍ അതിക്രമിച്ചു കയറിയ ഡല്‍ഹി പൊലിസ് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ക്രൂരമായി മര്‍ദിച്ചു. കാംപസിനുള്ളിലെ ലൈബ്രറി പൊലിസ് അടിച്ചു തകര്‍ത്തു. അതിനുള്ളിലേക്ക് കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. വനിതാ ഹോസ്റ്റലിലേക്കും പുരുഷ പൊലിസുകാര്‍ അതിക്രമിച്ചു കയറി. പ്രതിഷേധത്തിനിടെ ഡല്‍ഹി സര്‍ക്കാരിന്റെ നാലു ബസുകള്‍ കത്തിച്ചു. പൊലിസ് തന്നെ ബസുകള്‍ കത്തിക്കുന്ന വിഡിയോ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെയും പൊലിസ് മര്‍ദിച്ചു. പൊലിസ് കാംപസിലാകെ ഓടി നടന്ന് വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു. ബി.ബി.സിയുടെ ബുഷ്‌റ ശെയ്ഖിയുടെ ഫോണുകള്‍ പിടിച്ചു വാങ്ങി പോലിസ് തകര്‍ത്തു. നിരവധി വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കാംപസിനുള്ളിലെ ലൈബ്രറിയിലിരുന്നവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളെ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച്‌ പോലിസ് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Loading...

പൊലിസ് അകത്തു കയറി അക്രമം നടത്തുകയായിരുന്നുവെന്ന് ജാമിഅ സര്‍വകലാശാല ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ ആരോപിച്ചു. ലൈറ്റ് അണച്ച ശേഷമാണ് പൊലിസ് കാംപസിനുള്ളില്‍ കയറിയത്.
ജാമിഅ സര്‍വകലാശാലക്ക് സമീപമുള്ള ബട്ട്‌ലാഹൗസ്, ജാമിഅ നഗര്‍, ഒഖ്‌ല, ഒഖ്‌ല മോഡ്, സുഖ്‌ദേവ് വിഹാര്‍, ന്യൂഫ്രന്റ്‌സ് കോളനി പ്രദേശങ്ങളിലാണ് ഇന്നലെ പ്രതിഷേധവും സംഘര്‍ഷവുമുണ്ടായത്. പ്രതിഷേധത്തെത്തുടര്‍ന്ന് ജാമിഅ മില്ലിയ സര്‍വകലാശാല അടച്ചതിനാല്‍ വിദ്യാര്‍ഥികള്‍ പ്രദേശവാസികള്‍ നടത്തിയ സമരത്തിനൊപ്പം ചേരുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മുന്നോട്ടു നീങ്ങിയ പ്രതിഷേധക്കാരെ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ മഥുര-ഡല്‍ഹി ദേശീയ പാതക്കടുത്തുവച്ച്‌ പൊലിസ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തി ച്ചാര്‍ജും കണ്ണീര്‍വാതകവും പ്രായോഗിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി പൊലിസ് പറഞ്ഞു. എന്നാല്‍ ഡല്‍ഹി പൊലിസ് മഫ്തിയില്‍ നിയോഗിച്ചവരാണ് അക്രമമുണ്ടാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.