ലംബോർഗിനിയെ മറികടക്കാൻ സിഫ്റ്റിന്‍റെ ശ്രമം, അപകടത്തിൽ ഒരാൾ മരിച്ചു

ന്യൂഡല്‍ഹി: അമിത വേഗത്തിൽ പോവുകയായിരുന്ന ലംബോർഗിനിയെ മറികടക്കാൻ സിഫ്റ്റ് ഡിസയർ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇരുപത് വയസ്സുകാരനായ യുവാവാണ് മരിച്ചത്. ഗ്രേറ്റ് നോയിഡ-ഡല്‍ഹി എക്സ്പ്രസ് വേയില്‍ നോയിഡ സെക്ടര്‍ 135ലായിരുന്നു അപകടം.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള സ്വിഫ്റ്റ് ഡിസയറിന്‍റെ ശ്രമത്തില്‍ വാഹനങ്ങള്‍ പരസപരം ഇടിക്കാതിരിക്കാന്‍ ലംബോര്‍ഗിനി ഇടതുവശത്തേക്കു വെട്ടിച്ചതിനെ തുടര്‍ന്ന് റോഡിലുണ്ടായിരുന്ന ഇക്കോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇക്കോ റോഡിന്‍റെ പുറത്തേയ്ക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

ഈസ്റ്റ് ഡല്‍ഹിയിലെ മണ്ഡവാലി സ്വദേശിയായ അര്‍ഷാദ് അഹമദ് ആണ് മരിച്ചത്. എക്സപ്രസ് വേയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍ ലഭിച്ചത്. അപകടത്തിനു തൊട്ടുപിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.