നിര്‍ഭയ കേസ്;പ്രതികളുടെ മരണവാറണ്ടിന് സ്റ്റേ;പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റില്ല

ദില്ലി: ഒടുവില്‍ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത് വൈകും.കേസിലെ 4 പ്രതികളുടെയും മരണവാറണ്ട് ദില്ലി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. ഈ മാസം 22 നായിരുന്നു പ്രതികളെ തൂക്കിലേറ്റാനിരുന്നത്. പുതിയ തീയതി അറിയിക്കാനും ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ച തന്റെ തന്നെ ഉത്തരവ് പുനപരിശോധിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി. ‘അതേസമയം പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയത് കൊണ്ട് മരണ വാറണ്ട് റദ്ദാക്കുകയാണ്’. ജനുവരി 22 ന് വിധി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം എന്ന് കോടതി നിര്‍ദേശിച്ചു.

നിര്‍ഭയ കേസിലെ നാല് പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് ആണ് ദയാഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പിലാക്കുക സാധ്യമല്ലെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ വധശിക്ഷ വൈകുന്നതിന് ദില്ലി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്ത് എത്തിയിരുന്നു. കെജ്രിവാൾ സർക്കാരിന്റെ പിടിപ്പ് കേട് കാരണമാണ് വധശിക്ഷ നടപ്പിലാകാത്തത് എന്നാണ് പ്രകാശ് ജാവദേക്കറുടെ ആരോപണം.

Loading...

മുകേഷ് സിംഗിനെ കൂടാതെ വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍. ജനുവരി ഏഴാം തിയ്യതിയാണ് നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാന്‍ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് സിംഗിന്റെ ദയാഹര്‍ജി തളളാന്‍ ദില്ലി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയ്ക്ക് ശേഷമാവും പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുക.