ദില്ലിയിൽ കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നു: എംയിസിലെ മലയാളി നഴ്സിനും രോ​ഗം സ്ഥിരീകരിച്ചു

ദില്ലി: ദില്ലിയിൽ കൊവിഡ്‌ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്‌ അടുക്കുന്നു. അവസാനം ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദില്ലിയിൽ ആകെ കൊവിഡ് രോഗികള്‍ 19,844 ആയി ഉയര്‍ന്നു. ദില്ലി എംയിസിലെ മലയാളി നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളില്‍ മൂന്നാമതാണ് ദില്ലി.

24 മണിക്കൂറിന് ഇടയിൽ 13 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ദില്ലിയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി. ഇന്ന് 1,295 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ ദില്ലി ബാത്ര ആശുപത്രിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ദില്ലിയിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ക്രൈം ബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗത്ഥനാണ് മരിച്ചത്.

Loading...

അതേ സമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായതെന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ഓരോമാസവും 3500 കോടിരൂപയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ നടത്തിപ്പിനും ശമ്പളത്തിനുമായി ചിലവ് വരുന്നതെന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ പറഞ്ഞു. പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.