500 ലേറെ മരണങ്ങള്‍ സംഭവിച്ചെന്ന് ശ്മശാന നടത്തിപ്പുകാര്‍, 300 താഴെ മാത്രമെന്ന് ദില്ലി സര്‍ക്കാര്‍, ഒളിച്ചുകളിച്ച് ദില്ലി

ദില്ലി:കൊവിഡ് മരണ കണക്കുകൾ പുറത്തു വിടുന്നതിൽ ഒളിച്ചുകളിച്ച് ദില്ലി സർക്കാർ.
500ലേറെ മരണങ്ങൾ സംഭവിച്ചുവെന്നാണ് ശ്മശാന നടത്തിപ്പുകാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 300ൽ താഴെ മരണങ്ങൾ മാത്രമാണ് സംഭവിച്ചതെന്നാണ് ദില്ലി സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. മുനിസിപ്പൽ കോർപ്പറേഷനുകളുടെ കണക്കും സർക്കാർ വാദങ്ങൾ തള്ളുന്നു.കൊവിഡ് മരണങ്ങൾ സംബന്ധിച്ച ദില്ലി സർക്കാർ കണക്കുകളിൽ നേരത്തെ സംശയം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വിവിധ കണക്കുകളും വെളിപ്പെടുത്തലുകളും. ഇന്നലെ വരെ 288 കൊവിഡ് മരണങ്ങൾ സംഭവിച്ചുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

എന്നാൽ സർക്കാർ വാദത്തിന് വിരുദ്ധമാണ് വിവിധ ശ്മശാനം നടത്തിപ്പുകാരുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും കണക്ക്. ദില്ലി ഐ ടി ഒയ്ക്ക് സമീപത്തുള്ള ജജീത്ത് ഖബറിസ്ഥാൻ നടത്തിപ്പുകാരനായ ഷമീം പറയുന്നത് ലോക്ക് ഡൗൺ പ്രഖ്യാപന ശേഷം മാത്രം 150ഓളം മൃതദേഹങ്ങൾ ഇവിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചുവെന്നാണ്. കോവിഡ്‌ സംശയിക്കുന്നവരിൽ ചിലരെയും പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചതായും ഇയാൾ പറയുന്നു. സമീപത്തുള്ള പത്തിലേറെ ശ്മാശനങ്ങളിലായി 500ലധികം സംസ്കാരം നടന്നതായാണ് റിപ്പോർട്ട്. എല്ലാം കൊവിഡ് മാനദന്ധങ്ങൾ പാലിച്ച്.

Loading...

ദില്ലിയിലെ മുൻസിപ്പൽ കോർപറേഷനുകളായ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവരുടെ കണക്കുകളും സർക്കാർ വാദങ്ങൾക്ക് വിരുദ്ധമാണ്. മെയ് 17 വരെ മാത്രം കോവിഡ്‌ ബാധിച്ച് മരിച്ച 559 പേരെ സംസ്‌കരിച്ചുവെന്നാണ് മൂന്ന് കോർപ്പറേഷനുകളും പറയുന്നത്. കഴിഞ്ഞ 10 ദിവസത്തെ മരണങ്ങൾ കൂടി 559 എന്ന സംഖ്യയിലേക്ക് ചേർത്താൽ സർക്കാർ പറയുന്ന മരണ കണക്കിന്റെ രണ്ടര ഇരട്ടിയോളം വരും. കൊവിഡ് പ്രതിരോധത്തിൽ ആം ആദ്മി സർക്കാരിന് വീഴ്ച ഉണ്ടായെന്നും ഇത് മറച്ചുവയ്ക്കാൻ വേണ്ടിയാണ് കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത് എന്നുമാണ് പ്രതിപക്ഷ വിമർശനം.