ആം ആദ്മി പാർട്ടി ഡൽഹി വീണ്ടും തൂത്തുവാരി

ഡല്‍ഹി ഇത്തവണയും ആംആദ്മിക്കൊപ്പം. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ മൂന്നാമതും പാര്‍ട്ടി അധികാരത്തിലേക്ക്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉറപ്പായി. 53 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മുന്നില്‍. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാള്‍ മുന്നില്‍. എഎപിയുടെ മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. ബാബര്‍പൂര്‍ മണ്ഡലത്തില്‍ എഎപിയുടെ ഗോപാല്‍ റായ് മുന്നിട്ട് നില്‍ക്കുന്നു. അക്കൗണ്ട് തുറക്കാനാകാതെ ദയനീയ തോല്‍വിയിലാണ് കോണ്‍ഗ്രസ്. അരവിന്ദ് കേജരിവാള്‍ മുന്നിലാണ്. ഭരണ വിരുദ്ധ വികാരവും ബി.ജെ.പി ഉയര്‍ത്തിയ കടുത്ത വര്‍ഗീയ ധ്രുവീകരണവും അതിജീവിച്ചാണ്​ അരവിന്ദ്​ കേജ്​രിവാള്‍ എന്ന മുന്‍ ഐ.ആര്‍.എസ്​ ഉദ്യോഗസ്​ഥ​ന്‍ ഡല്‍ഹിയുടെ നായകനാകുന്നത്. ഭരണ വിരുദ്ധ തരംഗത്തെ സ്വന്തം ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട്​ മറികടക്കാന്‍ കഴിഞ്ഞുവെന്നതാണ്​ ആപ്പ്​ അധികാരമുറപ്പിക്കുമ്ബോള്‍ വിലയിരുത്താന്‍ കഴിയുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങളും സൗജന്യങ്ങളും തലസ്​ഥാന നഗരിയിലെ ജനങ്ങള്‍ക്ക്​ നല്‍കിയപ്പോള്‍ അത്​ വീണ്ടും അധികാരത്തിലേക്കുള്ള വഴിയായി. സൗജന്യ വെള്ളം, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, സ്​ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ്​ യാത്ര തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ്​ കെജ്​രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്​. ഷീല ദീക്ഷിതിന്റെ ഭരണ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചിറങ്ങിയ കോണ്‍ഗ്രസ്സിന് കനത്ത പ്രഹരമാണ് ആംആദ്മി ഏല്‍പ്പിച്ചിരിക്കുന്നത്. ഷീലാ ദീക്ഷിത്തിന്റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പില്‍ ഇല്ലാതെപോയത് കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ്. ഷീല ദീക്ഷിതിന് ശേഷം കരുത്തുറ്റ ഒരു നേതാവിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടുമില്ല. മുന്‍ഭരണ നേട്ടങ്ങല്‍ പറഞ്ഞ് കോണ്‍ഗ്രസ്സ് ഇറങ്ങിയപ്പോള്‍ ഭരണ നേങ്ങള്‍ പറഞ്ഞല്ല കാണിച്ച് കൊടുത്ത് എഎപി ഡല്‍ഹി തിരികെ പിടിച്ചു. ബിജെപിക്കും കിട്ടാക്കനിയായി തുടരുന്നു ഡല്‍ഹി. നരേന്ദ്രമോദിയെന്ന താര പ്രചാരകന് മുന്നില്‍ നിന്ന് വഴി മാറി നടന്ന് നേടിയ മിന്നുന്ന വിജയം. ദില്ലി തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളെന്ന നേതാവിന്റെ നേട്ടം മോദിയുടെ കളമറിഞ്ഞ് കളിച്ചതാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. വ്യക്തിപരമായ കടന്നാക്രമണങ്ങളെ വളര്‍ച്ചക്കുള്ള വളമാക്കുന്നതാണ് നരേന്ദ്ര മോദിയുടെ ശൈലിയെന്ന് തിരിച്ചറിയുന്നിടത്തായിരുന്നു എന്നും ദില്ലിയിലെ ആം ആദ്മിയുടെ ജയപരാജയങ്ങളെന്നതും സമീപകാല ചരിത്രം. ചൂല് ആയുധമാക്കി ദില്ലി രാഷ്ട്രീയം തൂത്തുവാരാനിറങ്ങിയ കെജ്‌രിവാള്‍ ആദ്യം ഓങ്ങിയത് സ്വാഭാവികമായും നരേന്ദ്രമോദിയെയും ബിജെപിയേയും ആയിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍, വ്യക്തിപരമായ കടന്നാക്രമണങ്ങള്‍. പക്ഷെ എന്തും ഏതും ആയുധമാക്കിയായിരുന്നു നരേന്ദ്രമോദിയുടെ നീക്കം.

Loading...

വിവാദങ്ങള്‍ വഴി വളര്‍ച്ചയിലേക്കുള്ള വഴിയാക്കി മാറ്റിയെടുത്ത് നരേന്ദ്രമോദി പയറ്റുന്ന രാഷ്ട്രീയം പാര്‍ലെമെന്റ് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പൂര്‍ണ്ണമായും കെജ്‌രിവാളിന് പിടികിട്ടി. അത് വരെ നടന്ന വഴിയില്‍ നിന്ന് പൊടുന്നനെ യുടേണടിച്ച കെജ്‌രിവാള്‍ പിന്നെ ഊന്നിയത് ദില്ലിയുടെ വികസനത്തിലും പ്രാദേശിക രാഷ്ട്രീയത്തിലും മാത്രമാണ്. സാമ്പ്രദായിക രാഷ്ട്രീയ ചട്ടക്കൂടുകള്‍ പൊളിച്ചെഴുതി 2015 ല്‍ ചുവടുറപ്പിച്ച കെജ്‌രിവാള്‍ പിന്നീടിങ്ങോട്ട് വീണും വാണും ജനകീയ മുഖ്യമന്ത്രി പദത്തിലേക്ക് നടന്ന് കയറിയെത്താന്‍ വര്‍ഷങ്ങളെടുത്തു. വീറും വാശിയും നിറഞ്ഞ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷെഹിന്‍ബാഗും പൗരത്വ നിയമ ഭേദഗതിയും ബിജെപി ആയുധമാക്കിയപ്പോള്‍ ആംആദ്മി പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് എത്തിച്ച് പ്രതിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും നേട്ടങ്ങളും നരേന്ദ്രമോദിയും അമിത്ഷായും പ്രചരണ വേദിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ജനകീയ മുഖ്യമന്ത്രി എന്ന പദവിയിലേക്ക് ഉയര്‍ന്ന് നിന്ന കെജ്‌രിവാള്‍ ദില്ലിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് ബിജെപിയോട് തിരിച്ച് ചോദിച്ചു.