ദില്ലി തെരഞ്ഞെടുപ്പ്: എഎപി എംഎല്‍എ കോണ്‍ഗ്രസില്‍,ദില്ലിയില്‍ പുതിയ നീക്കങ്ങള്‍

ദില്ലി: ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വഴിമുട്ടി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ തന്നെ രംഗത്തിറങ്ങുന്നത്. രാഹുലിന്റെ പ്രചാരണം ഇത്തവണ വ്യത്യസ്തമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ .
പ്രിയങ്കയും എത്തുന്നതോടെ പോരാട്ടം സജീവമാക്കാനാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. യുപി മോഡലില്‍ ചെറിയ ഗ്രാമസഭകളെ കേന്ദ്രീകരിച്ച് വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കുകയാണ് പ്രിയങ്കയുടെ തന്ത്രം.

അതേസമയം ദില്ലി തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഗാന്ധി കുടുംബത്തിലെ പുതുതലമുറ നേതാക്കള്‍ക്ക് പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനാവുമെന്ന് തെളിയിക്കേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെ വലിയൊരു പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. യുപിയിലെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്കും വീഴ്ച്ച സംഭവിച്ചിരുന്നു. സോണിയക്ക് ശേഷം ആരാകും എത്തുക എന്നതിനുള്ള മറുപടി കൂടിയായിരിക്കും ദില്ലി തിരഞ്ഞെടുപ്പ് നല്‍കുക.

Loading...

കോണ്‍ഗ്രസിന് ഏറ്റവും വലിയ പ്രശ്‌നം ദില്ലിയില്‍ നേതാക്കളില്ലാത്തതാണ്. രാഹുലിന്റെ തന്നെ ചോയ്‌സായ അജയ് മാക്കന്‍ നേരത്തെ വിദേശ സന്ദര്‍ശനത്തിനാണ് സോണിയാ ഗാന്ധി യോഗം വിളിച്ചപ്പോള്‍ പോയത്. ജെപി അഗര്‍വാള്‍, സുഭാഷ് ചോപ്ര എന്നിവര്‍ ജനപ്രീതി നഷ്ടപ്പെട്ട് രാഷ്ട്രീയത്തിന്റെ അവസാന നാളുകളിലാണ്. ഇതോടെയാണ് രാഹുല്‍ പ്രചാരണം സജീവമാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. ഷീലാ ദീക്ഷിതിന്റെ വിയോഗം ദില്ലിയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കിയെന്നാണ് പൊതു വികാരം.

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ പ്രചാരണ സാന്നിധ്യം കുറച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യം വിജയവും ഇവിടെ നേടിയിരുന്നു. മഹാരാഷ്ട്രയില്‍ ശരത് പവാറും ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡയും ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറനും പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു നേതാവ് ദില്ലിയിലില്ല. അതസമയം തന്നെ ദില്ലിയില്‍ എന്താണ് കോണ്‍ഗ്രസിന്റെ തന്ത്രമെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. ജനപ്രിയ ഫോര്‍മുലയുമായി രാഹുല്‍ വരുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ദില്ലിയുടെ പ്രാദേശിക വികാരം ലക്ഷ്യമിട്ടാണ് രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്തിറങ്ങുന്നത്. ദില്ലിയുടെ പെണ്‍കുട്ടിയാണ് താനെന്ന പരാമര്‍ശം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക നടത്തിയിരുന്നു. പ്രിയങ്ക തന്റെ റായ്ബറേലി സന്ദര്‍ശനം റദ്ദാക്കിയത് ദില്ലിയില്‍ പ്രചാരണത്തിന് ഇറങ്ങുന്നതിന് വേണ്ടിയാണെന്നും സൂചനയുണ്ട്. മോദി വിരുദ്ധ, എഎപി വിരുദ്ധ വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധ. ഈ ഫോര്‍മുല കൃത്യമായി ലക്ഷ്യം കാണാനും സാധ്യതയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാഹുലിന് സജീവ രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചുവരേണ്ടതുണ്ട്. ഒരു നേതാവും ഇല്ലാതെ തന്നെ പാര്‍ട്ടി അധികാരം നേടിയാല്‍ അത് രാഹുലിന്റെ വിജയമായി തന്നെ വിലയിരുത്തപ്പെടും. പ്രിയങ്കയുടെ സഹായവും രാഹുലിനുണ്ടാവും. ചെറിയ കൂട്ടമായി വോട്ടര്‍മാരെ കണ്ട് സിഎഎ, ജലവിതരണം, തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കും. അതിന് പുറമേ കോളനികള്‍ ലൈസന്‍സ് നല്‍കിയ മുന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും ഉയര്‍ത്തും.

അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി നല്‍കി എഎപിയുടെ ദ്വാരക എംഎല്‍എ ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സംഭവം. എഎപി ആദര്‍ശ് ശാസ്ത്രിക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് പാര്‍ട്ടി വിട്ടത്. എഎപിയുടെ ദ്വാരക എംഎല്‍എയാണ് അദ്ദേഹം. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനാണ് ആദര്‍ശ്. ദ്വാരകയില്‍ നിന്ന് തന്നെ അദ്ദേഹം മത്സരിച്ചേക്കും.

കോണ്‍ഗ്രസ് ഭരണം വീണ്ടും ദില്ലിയില്‍ എന്ന പ്രചാരണ വാക്യമാണ് പാര്‍ട്ടി ഉപയോഗിക്കുന്നത്. ഷീലാ ദീക്ഷിതിന്റെ 15 വര്‍ഷത്തെ ഭരണമാണ് ഇതില്‍ ഹൈലൈറ്റ് ചെയ്യുന്നത്. ഏത് സമയവും വൈദ്യുതി, ശുദ്ധ ജലം, എന്നിവയാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എഎപി സര്‍ക്കാരിന് കീഴില്‍ ഈ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ദില്ലിയുടെ മുഖം മാറ്റിയത് ഷീലാ ദീക്ഷിതാണെന്ന്് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നുണ്ട്.