നിര്‍ഭയ കേസ്; പ്രതിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നുവെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി: നിയമത്തിന്റെ പഴുതുകളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെ വീണ്ടും ശിക്ഷ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ ശ്രമം തുടരുന്നു. ജയില്‍ അധികൃതര്‍ക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ് പ്രതികള്‍. കേസിലെ ഒരു പ്രതിയായ വിനയ് ശര്‍മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നതായാണ് അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുന്നില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. ഈ വാദം ജയില്‍ അധികൃതര്‍ നിഷേധിച്ചു. എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും ഏതെങ്കിലം രേഖകള്‍ കൂടുതലായി ആവശ്യമാണെങ്കില്‍ അവ നല്‍കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.ഇതിനിടയിലാണ് വിനയ് ശര്‍മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നയായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

Loading...

വിനയ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ മെഡിക്കല്‍ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു. കേസിലെ രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2012 ഡിസംബറില്‍ തെക്കന്‍ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

തിഹാറിലെ ജയില്‍വാസത്തിനിടെ നിര്‍ഭയ കേസിലെ പ്രതികള്‍ ജയില്‍ നിയമം ലംഘിച്ചത് 23 തവണ. തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ജോലി ചെയ്ത് പ്രതികള്‍ നേടിയത് 1.37 ലക്ഷം രൂപയാണെന്നും പറയുന്നു.തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരപ്രകാരം ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് അക്ഷയ് കുമാര്‍ സിങ്ങിന് ഒരു തവണ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതേസമയം മുകേഷിന് മൂന്നുവട്ടവും പവന് എട്ടുതവണയും വിനയിന് പതിനൊന്നുവട്ടവും ശിക്ഷ ലഭിച്ചു.

ജയിലില്‍ ജോലി ചെയ്തയിനത്തില്‍ അക്ഷയ്, പവന്‍, വിനയ് എന്നിവര്‍ ആകെ 1.37 ലക്ഷം രൂപ നേടിയതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. മുകേഷ് ജയിലില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലായിരുന്നു. 69,000 രൂപയാണ് അക്ഷയ് ജോലി ചെയ്ത് നേടിയത്. പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയും നേടി.2016-ല്‍ അക്ഷയും മുകേഷും പവനും പത്താംക്ലാസ് പഠനത്തിനായി ചേര്‍ന്നിരുന്നു. പരീക്ഷയും എഴുതി. എന്നാല്‍ മൂവര്‍ക്കും വിജയിക്കാനായില്ല. മറ്റൊരു പ്രതിയായ വിനയ്, 2015-ല്‍ ഒരു വര്‍ഷത്തെ ബിരുദത്തിന് ചേര്‍ന്നിരുന്നു. എന്നാല്‍ വിനയിനും പരീക്ഷ ജയിക്കാന്‍ സാധിച്ചില്ല.

വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുവട്ടം ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വിനയിന്റെ അച്ഛന്‍ ചൊവ്വാഴ്ച ജയിലിലെത്തി മകനെ സന്ദര്‍ശിച്ചു. നാലുപ്രതികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചത് വിനയിനാണ്. ഇയാള്‍ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.അക്ഷയ് കുമാര്‍ സിങ്ങിനെ കാണാന്‍ കുടുംബാംഗങ്ങള്‍ അവസാനം എത്തിയത് കഴിഞ്ഞ നവംബറിലാണ്. കുടുംബാംഗങ്ങളുമായി ഇയാള്‍ ഫോണില്‍ സംസാരിക്കാറുണ്ട്. അതേസമയം വധശിക്ഷയ്ക്കുള്ള തീയതി കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളെ ആരെയും കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല.