ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പീഡനത്തിനിരയായി

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം തലസ്ഥാനത്ത് രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ ലൈംഗീക പീഡനത്തിനിരയായി. എട്ടുവയസുകാരികളായ രണ്ടു കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന 38കാരിയുമാണ് വിവിധയിടങ്ങളില്‍ ബലാത്‌സംഗം ചെയ്യപ്പെട്ടത്. രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

എട്ടു വയസുകാരിയെ കൗമാരക്കാരിയായ സ്വന്തം മകളുടെ മുന്നിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 36കാരനായ വിഭാര്യനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റര്‍ ഡല്‍ഹിയിലെ കംല മാര്‍ക്കറ്റിനു സമീപത്താണ് സംഭവം. ഭാര്യ മരിച്ച ശേഷം രണ്ടു പെണ്‍മക്കളോെടാപ്പം കഴിയുകയായിരുന്നു ഇയാള്‍.

Loading...

കഴിഞ്ഞ ദിവസം മക്കളിലൊരാളെ കൂട്ടി പാര്‍ക്കിലെത്തിയ പ്രതി കുട്ടിക്ക് ചോക്‌ലേറ്റ് നല്‍കി കൂടെ കൂട്ടുകയായിരുന്നു. റെയില്‍വേ കോളനി ജിമ്മിലേക്ക് ഇരുവരെയും കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം മകളുടെ മുന്നില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ മകള്‍ ഉറക്കെ കരഞ്ഞെങ്കിലും അതു വകവെക്കാതെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കൊണാര്‍ട്ട് പ്ലേസിനു സമീപത്ത് മറ്റൊരു എട്ടു വയസുകാരി പിതാവിന്റെ സുഹൃത്തിനാലും പീഡിപ്പിക്കപ്പെട്ടു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വഴിയോരത്ത് കഴിയുന്ന കുടുംബമാണ് ഈ കുട്ടിയുടേത്. പിതാവിന്റെ സുഹൃത്തിനോടൊപ്പം കുടുംബം രാത്രി ഭക്ഷണം കഴിച്ചിരുന്നു. സുഹൃത്ത് പോയ ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു.

എന്നാല്‍ സൃഹൃത്ത് തിരിച്ചെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവമറിഞ്ഞയുടന്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ വിവരമറിയിച്ചു. പിന്നീട് കുട്ടി സ്വയം തിരിച്ചെത്തി സംഭവം വിവരിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

മൂന്നാമത്തെ സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന 38കാരിയാണ് പീഡനത്തിനിരയായത്. ടാക്‌സി ഡ്രൈവറാണ് പ്രതി. ജോലി വാഗ്ദാനം ചെയ്ത് ഈ സത്രീയെ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇവരെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. അവശയായി കിടക്കുന്ന സ്ത്രീയെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ച പ്രകാരം പൊലീസ് എത്തി കേസെടുക്കുകയായിരുന്നു.