ഹവാല ഇടപാട്; ദില്ലി ആരോ​ഗ്യമന്ത്രി കസ്റ്റഡിയിൽ

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു. സത്യേന്ദ്ര ജെയിനെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഷെൽ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടി. കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രിയെ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ പുറത്താക്കി ദിവസങ്ങൾക്കകമാണ് ദില്ലി ആരോഗ്യമന്ത്രിയെ കേന്ദ്ര ഏജൻസി പൊക്കിയത്. 2015-16 കാലയളവിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിൻ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊൽക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്സമെൻറ് ഡയറക്ടറേറ്റിൻറെ കണ്ടെത്തൽ. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയിൽ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലിൽ ഈ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

Loading...